മുവാറ്റുപുഴ: മാതൃത്വം സ്ത്രീ ശാക്തീകരണത്തിനുള്ള ആയുധമാകണമെന്ന് സോഷ്യല്‍ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ എം വര്‍ഗീസ്. രാജ്യത്തിനും കുടുംബത്തിനുമായി കുട്ടികളെ പ്രസവിക്കുന്നതും പോറ്റി വളര്‍ത്തുന്നതും അമ്മമാരുടെ കടമ മാത്രമല്ല രാജ്യസേവനവുമാണെന്ന് തിരിച്ചറിയുവാന്‍ പൊതു സമൂഹത്തിനു കഴിയണമെന്നും ഫോറം മുവാറ്റുപുഴ കെഎംഎല്‍പി സ്കൂള്‍ ഹാളില്‍ വച്ച് സംഘടിപ്പിച്ച ഹൃദയപൂര്‍വ്വം അമ്മയ്ക്കൊപ്പം സ്നേഹക്കൂട്ടായ്മ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
സംസ്ഥാന കമ്മിറ്റി അംഗം കെഎന്‍ ഷീബ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും പെട്ട അമ്മമാരെ ആദരിച്ചു. പ്രതിഭാ സംഗമം മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് ആഗസ്ത്യനും കുഞ്ഞിളം കയ്യില്‍ സമ്മാനം നഗരസഭാ വൈസ് ചെയര്പേഴ്സന് സിനി ജോസും ഉദ്ഘാടനം ചെയ്തു. വിവിധ സ്കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത മികച്ച പിറ്റിഎ അംഗങ്ങളെ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്സി ജോര്‍ജ് ആദരിച്ചു.
ജില്ലയിലെ മികച്ച എല്‍പി സ്കൂളിനുള്ള സെന്റര്‍ ഓഫ് എക്സലന്‍സ് അവാര്‍ഡ് കെഎംഎല്‍പി സ്കൂളിന് നല്കി. പി ജി ബീനാകുമാരി, നജ്ലാ ഷാജി, റസീന സി മുഹമ്മദ്, കബീര്‍ പൂക്കാട്ടൂശ്ശേരില്, ഷൈല സലിം, സെവി പൂവന്, നെജീര്‍ യൂ എന്‍, സല്‍മ നൗഷാദ് കെ എ ഹസ്സന്, പി പി ബഷീര്‍, ഷമീര്‍ വി എ, റ്റി വൈ ജോയി, കെ കെ രാധാകൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര് എം കെ മുഹമ്മദ് സ്വാഗതവും താലൂക്ക് പ്രസിഡന്റ് അജി ചാക്കോ കൃതജ്ഞതയും രേഖപ്പെടുത്തി.


