യു.പി.എസ്.സി പരീക്ഷയ്ക്ക് മികച്ച വിജയം നേടുവാന്‍ തനിക്ക് തുണയായത് ആഴത്തിലുള്ള വായനയാണെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ വായനയുടെ മഹത്വം മനസിലാക്കി ലൈബ്രറികളെ കൂടുതല്‍ ഉപയോഗപ്രദമാക്കി മാസത്തില്‍ ഒരു പുസ്തകമെങ്കിലും വായിക്കാന്‍ ശ്രദ്ധിക്കണമെന്നും തന്റെ വായനാനുഭവം ജീവിതത്തില്‍ ഉണ്ടാക്കിയ വിജയം അനുസ്മരിച്ച് ജില്ലാ കളക്ടര്‍ പറഞ്ഞു.
എറണാകുളം മഹാരാജാസ് കോളജില്‍ വായനാ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. നേരം പോക്കിനായി തുടങ്ങിയ വായന ലൈബ്രറിയിലെ മുഴുവന്‍ പുസ്തകങ്ങളും വായിച്ചു തീര്‍ക്കുവാനും പുതിയ പുസ്തകങ്ങള്‍ വാങ്ങി വായിക്കുന്ന ശീലത്തിലേക്കും തന്നെ നയിച്ചതായി കളക്ടര്‍ പറഞ്ഞു. മുന്‍ഷി പ്രേംചന്ദിന്റെ ഉറുദു പുസ്തകങ്ങളാണ് വായിച്ചു തുടങ്ങിയത്. അത് പിന്നീട് യുപിഎസ്സിയില് മികച്ച വിജയം നേടുവാനും സാധിച്ചു.
വായിച്ചു ലഭിക്കുന്ന അറിവുകളുടെ അടിസ്ഥാനത്തില്‍ നന്നായി എഴുതാനും നമ്മുക്ക് സാധിക്കും. നല്ല വായന ഉണ്ടെങ്കില്‍ മാത്രമേ നന്നായി എഴുതുവാന്‍ കഴിയു. ആധികാരികമായ വായന പുസ്തകത്തിലൂടെയാണ് സാധിക്കുന്നത്. സോഷ്യല്‍ മീഡിയ, ഇ-ബുക്ക് എന്നിങ്ങനെ നിരവധി സാധ്യതകള്‍ വായനയ്ക്കായി ഉപയോഗിക്കാന്‍ കഴിയും. നല്ല ഉറവിടങ്ങള്‍ കണ്ടെത്തി വായനയില്‍ താല്പര്യം വര്‍ദ്ധിപ്പിക്കാന്‍ ഇത്തരം മേഖലകള്‍ ഉപയോഗിക്കുന്നതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കണം. മാസത്തില്‍ ഒരു പുസ്തകമെങ്കിലും വായിക്കാന്‍ കഴിയണം. ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി കോളജില്‍ നിന്ന് ഇറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് 60 പുസ്തകമെങ്കിലും വായിക്കാന്‍ കഴിയുമെന്നും കളക്ടര്‍ പറഞ്ഞു.
പി.എന്‍ പണിക്കര്‍ ദിനത്തോടനുബന്ധിച്ച് വായന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടര്‍ നിര്‍വഹിച്ചത് മഹാരാജാസ് കോളേജിലെ ബി.എ മലയാളം വിഭാഗം വിദ്യാര്‍ത്ഥിനിയായ വി. വൈഷ്ണവിക്ക് ഡോ. ഗോപി പുതുക്കോട് എഴുതിയ ഗ്രന്ഥാലയ മഹര്‍ഷി – പി.എന്‍ പണിക്കര്‍ എന്ന പുസ്തകം നല്‍കിയാണ്.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും കണയന്നൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലും മഹാരാജാസ് മലയാള വിഭാഗവും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷനും സംയുക്തമായാണ് ദിനാചരണം സംഘടിപ്പിച്ചത്. ഭാഷാഭിമാന സംഗമങ്ങളുടെ സംഘാടനത്തിന് എറണാകുളം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ആര് സുരേന്ദ്രനെ പുരസ്കാരം നല്കി ആദരിച്ചു.
1949 ല്‍ മഹാരാജാസ് കോളേജില്‍ ഇന്റര്‍മീഡിയേറ്റിനു പഠിച്ച വി. രാഘവന്റെ പുസ്തക ശേഖരം അദ്ദേഹത്തിന്റെ മകള്‍ ഡോ. ഷീല നമ്പൂതിരി മലയാളം റഫറന്‍സ് വിഭാഗത്തിലേക്ക് കൈമാറി. മഹാരാജാസ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ കെ.വി ജയമോള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരന് അജയ് പി. മങ്ങാട്ട് മുഖ്യാതിഥി ആയിരുന്നു. പി.ആര്.ഡി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ചന്ദ്രഹാസന്‍ വടുതല, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജുവല്‍, മഹാരാജാസ് കോളേജ് മലയാള വിഭാഗം അധ്യക്ഷ ഡോ. സുമി ജോയി ഓലിയപ്പുറം, മഹാരാജാസ് കോളേജ് ഗവേണിങ്ങ് ബോഡി മെമ്പര്‍ എം.എസ് മുരളി, മഹാരാജാസ് കോളേജ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് സി.ഐ.സി.സി ജയചന്ദ്രന്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന് ജില്ലാ കോ ഓഡിനേറ്റര്‍ ഹരീഷ് ആര് നമ്പൂതിരിപ്പാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
ചടങ്ങില്‍ ആകാശം നഷ്ടപ്പെട്ട പക്ഷികള്‍ എന്ന വിഷയത്തില്‍ നടന്ന ചെറുകഥാ മത്സരത്തില്‍ ഒന്നും, രണ്ടും മൂന്നും സ്ഥാന ജേതാക്കളായ കെ.എസ് അഭിലാഷ് ( രണ്ടാം വര്‍ഷ എം.എ മലയാളം), ബി.പി പഞ്ചമി (രണ്ടാം വര്‍ഷ എം.എ മലയാളം), നമിത സേതു കുമാര്‍ (ഒന്നാം വര്‍ഷ മലയാളം എം.എം) എന്നിവര്‍ കളക്ടറില്‍ നിന്ന് സമ്മാനം ഏറ്റുവാങ്ങി. എം.ജി യൂണിവേഴ്സിറ്റി കലാപ്രതിഭയായ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി അമര്‍ നാഥും കളക്ടറില്‍ നിന്നും സമ്മാനം സ്വീകരിച്ചു.
ഉദ്ഘാടനത്തിന് ശേഷം എഴുത്തുകാരന് അജയ് പി. മങ്ങാട്ട് വിദ്യാര്‍ത്ഥികളുമായി സംവാദം നടത്തി. ശേഷം വിദ്യാര്‍ത്ഥികളുടെ മോണോ ആക്ടും കവിതാ പാരായണവും നടന്നു.


