വൈറ്റില: 2019 ല്‍ കേന്ദ്ര സര്‍ക്കാര്‍ തൃക്കാക്കരക്ക് അനുവദിച്ച കേന്ദ്രീയ വിദ്യാലയം സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കാത്തതില്‍ നഷ്ടമാവുന്നതിന് ഉത്തരവാദി എല്‍ഡിഎഫ് സര്‍ക്കാരാണന്ന് നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്മാന് കുരുവിള മാത്യൂസ് കുറ്റപ്പെടുത്തി. നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് തൃക്കാക്കര നിയോജക മണ്ഡലം കണ്വന്ഷന് ബിജു നാരായണന് നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച 50 കേന്ദ്രീയ വിദ്യാലയങ്ങളില്‍ കേരളത്തിന് ലഭിച്ച ഏക സ്കൂളായിരുന്നു തൃക്കാക്കരയിലേത്. രണ്ടര വര്‍ഷം പിന്നിട്ടിട്ടും താല്‍ക്കാലിക സൗകര്യം എങ്കിലും ഒരുക്കി പ്രവര്‍ത്തനം ആരംഭിക്കാത്തതും 5 ഏക്കര്‍ ഭൂമി കണ്ടെത്തി നല്‍കുന്നതിനോ കഴിയാതിരുന്നതും സംസ്ഥാന സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണ് കുരുവിള മാത്യൂസ് പറഞ്ഞു.
ഇനിയും വൈകിയാല്‍ അനുമതി റദ്ദാക്കുമെന്ന മുന്നറിയിപ്പ് കേന്ദ്രീയ വിദ്യാലയ അധികൃധരില് നിന്ന് കിട്ടിയിട്ടും സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും മൗനം പാലിക്കുകയാണ്. തൃക്കാക്കരയില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടണം. ബാലറ്റിലൂടെ ഇതിന് മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൃക്കാക്കരക്ക് അനുവദിച്ച കേന്ദ്രീയ വിദ്യാലയം കളമശ്ശേരി മണ്ഡലത്തിലേക്ക് മാറ്റാനുള്ള ഗൂഡ ശ്രമം നടക്കുന്നതിന്റെ ഭാഗമായാണ് ഏലൂര്‍ ഫാക്റ്റ് സ്കൂള്‍ കളക്ടറുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തിയതതെന്നും തൃക്കാക്കരയുടെ വികസനം അട്ടിമറിക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദേഹം വിമര്‍ശിച്ചു.
രാഷ്ട്രീയ കൊലപാതകങ്ങള്‍ അനുദിനം വര്‍ദ്ധിച്ച് ക്രമസമാധാനം തകര്‍ച്ചയുടേയും, കടുത്ത സാമ്പത്തിക പ്രതിസന്ധിയുടേയും പേരില്‍ ഭരണഘടനാപരമായി കേന്ദ്ര സര്‍ക്കാരിന്റെ പിരിച്ച് വിടല്‍ യോഗ്യതയില്‍ ഏ പ്ലസ് നേടിയ പിണറായി ഗവണ്മന്റ് സ്വയം രാജിവച്ച് പുറത്ത് പോകണം കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു.
എന്‍ഡിഎ മുന്നണിയില്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസിന് സീറ്റ് അനുവദിക്കണമെന്നും ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്നും കണ്വന്ഷന് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡന്റ് പിഎ റഹീമിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എംഎന്‍ ഗിരി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ ജെയിംസ് കുന്നപ്പള്ളി, അയൂബ് മേലേടത്ത്, രജ്ഞിത്ത് ഏബ്രഹാം തോമസ്, ആന്റണി ജോസഫ്, ജില്ലാ പ്രസിഡന്റ് ജോയി ഇളമക്കര, ഉഷാ ജയകുമാര്‍, ജേക്കബ് ഫിലിപ്പ്, പിഎസ്സി നായര്‍, എംജെ മാത്യു, ടോമി മാളിയേക്കല്‍, കെഎച്ച് ഷംസുദീന്‍, എസി സുധീര്‍നാഥ് എന്നിവര്‍ പ്രസംഗിച്ചു.


