തൃക്കപാടശേഖര സമിതിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ കൊയ്തെടുത്ത തൃക്കറൈസ്- വിഷരഹിത നാടന്‍ കുത്തരി എന്ന പേരില്‍ അരി വിപണിയിലെത്തി. പ്രാദേശികമായ ജനകീയ കൂട്ടായ്മയില്‍ കേരളത്തിലാദ്യമായി ബ്രാന്റ് ചെയ്യുന്ന അരിയാണ് തൃക്കറൈസ്- വിഷരഹിത നാടന്‍ കുത്തരി. ബ്രാന്റിംഗ് ഉദ്ഘാടനം മുന്‍ എംഎല്‍എയും കര്‍ഷകനുമായ ബാബുപോള്‍ നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്മാന് അരി ഏറ്റുവാങ്ങി.
മൂവാറ്റുപുഴ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പ്രദേശമായ തൃക്കയിലെ മുപ്പതേക്കറോളം വരുന്ന നെല്വയലിലായിരുന്നു സമിതിയുടെ കൃഷി. രണ്ടര പതിറ്റാണ്ടു കാലം മാലിന്യക്കൂമ്പാരവും കൈതക്കാടുകളും ചെളിയും നിറഞ്ഞ് ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു പാടം. കഴിഞ്ഞ
വെള്ളപ്പൊക്ക സമയത്ത് വെള്ളക്കെട്ടു മൂലം ദുരിതമനുഭവിച്ച ജനങ്ങള്‍ പാടത്തെ വെള്ളക്കെട്ട് ഒഴിവാക്കാനും നെല്‍കൃഷി ചെയ്യാനും വേണ്ടി തീരുമാനിക്കുകയായിരുന്നു. തൃക്കപാടശേഖര സമിതി എന്ന പേരില്‍ ഇതിനായി ഒരു സംഘടന രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.
തൃക്ക പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷത്തെ പരിശ്രമങ്ങളാല്‍ തൃക്കപാടശേഖരം കൃഷയോഗ്യമാക്കി വിത്ത് വിതച്ചു. സംസ്ഥാന സര്‍ക്കാരിന്റെയും മൂവാറ്റുപുഴ നഗര സഭയുടെയും വിവിധ പദ്ധതികളുടെ പിന്തുണയോടു കൂടിയാണ് നെല്‍വയല്‍ കൃഷിയോഗ്യമാക്കിത്തീര്ത്തത്.
എന്നാല്‍ പതിറ്റാണ്ടുകളായി കൃഷി ചെയ്യാതെ കിടന്നിരുന്ന പാടത്ത് നെല്‍ കൃഷിയിറക്കാന്‍ തുനിഞ്ഞിറങ്ങുമ്പോള്‍ വിരിലിലെണ്ണാവുന്നവര്ക്ക് മാത്രമേ ശുഭ പ്രതീക്ഷയുണ്ടായിരുന്നുള്ളൂ. പ്രതിസന്ധി ഘട്ടങ്ങളില്‍ പലരും പതറി നിന്നപ്പോഴും തൃക്കയിലെ ജനങ്ങള്‍ നല്കിയ സ്നേഹവും വിശ്വാസവുമാണ് ഈ വിജയത്തിന്റെ പിന്നിലുള്ളതെന്ന് തൃക്ക പാടശേഖര സമിതി സെക്രട്ടറി കെഎം ദിലീപും പ്രസിഡന്റ് ശരത്തും പറഞ്ഞു.
തൃക്കയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കി നടപ്പിലാക്കാന്‍ മുന്‍കൈ എടുക്കുമെന്ന് മുന്‍ എംഎല്‍എ ബാബുപോളും നഗരസഭ ചെയര്മാന് പിപി എല്‍ദോസും പറഞ്ഞു. ഇതിനായി പദ്ധതികള്‍ തയ്യറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുവെന്ന് തൃക്ക പാടശേഖര സമിതി സെക്രട്ടറി കെഎം ദിലീപ് പറഞ്ഞു.
ബ്രാന്റിംഗ് ഉദ്ഘാടന ചടങ്ങില്‍ പാടശേഖര സമിതി പ്രസിഡന്റ് ശരത്ത് എസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സമിതി സെക്രട്ടറി കെഎം ദിലീപ് സ്വാഗതം ആശംസിച്ചു. മുന്‍ ചെയര്‍പേഴ്സണ്‍ ഉഷ ശശിധരന്, കെ.വൈ. നിയാസ്, എം.എസ്. ദിനേശ് എന്നിവര്‍ സംസാരിച്ചു.


