മുവാറ്റുപുഴ : നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ ദുരിത ജീവിതം ഇനിയും നീട്ടികൊണ്ട് പോകാതെ അടിയന്തിരമായി ഇടപെടണമെന്നു കേരള പ്രൈവറ്റ് സ്കൂള്‍ മാനേജ്മന്റ് അസോസിയേഷന് എറണാകുളം ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ പൊതു വിദ്യാലയങ്ങളിലേക്ക് എത്തുന്നതിന് കഠിനയജ്ഞം പ്രവര്‍ത്തിച്ച അധ്യാപകരുടെ നിയമനം അഞ്ചു വര്‍ഷങ്ങളായി തടഞ്ഞു വച്ചിരിക്കുന്നത് നീതീകരിക്കാനാവാത്തതാണെന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. സെക്രട്രറിയേറ്റ് പടിക്കലും ജില്ലാ കേന്ദ്രങ്ങളിലും നടക്കുന്ന അധ്യാപകരുടെ സമരങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതിനും യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് അലിയാര് മാസ്റ്ററുടെ അധ്യക്ഷതയില്‍ കൂടിയ യോഗം കെ പി എസ് എം എ സംസ്ഥാന ജനറല്‍ സെക്രെട്ടറി മണി കൊല്ലം ഉത്ഘാടനം ചെയ്തു.ജില്ലാ ജനറല്‍ സെക്രെട്ടറി യൂസഫ് മുളാട്ട് സ്വാഗതം പറഞ്ഞു. ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് വര്‍ഗീസ് തേക്കിലക്കാടന്‍ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രസാദ് പി വര്‍ഗീസ്,നാസര്‍ എം എസ്, രാജന് എന്‍ ആര്, അഡ്വ നടരാജന്, പി എച്ച് ഇല്യാസ്,വര്‍ഗീസ് പി പി, ഫാഹിം തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ട്രെഷറര്‍ നോബി പി ഐസക് നന്ദി പറഞ്ഞു.


