ഒരു വര്‍ഷത്തിനിടെ ജില്ലയില്‍ മുന്‍ഗണന വിഭാഗത്തിലേക്ക് പരിവര്‍ത്തനം ചെയ്തത് 19501 റേഷന്‍ കാര്‍ഡുകള്‍. വിവിധ താലൂക്ക് സപ്ലൈ ഓഫീസുകള്‍ വഴിയും അദാലത്തുകളിലുമായി ലഭിച്ച 23928 അപേക്ഷകളില്‍ നിന്ന് സൂക്ഷ്മ പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് ഇത്രയും കുടുംബങ്ങള്‍ക്ക് പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്തത്.
572 പേര്‍ക്ക് മഞ്ഞ നിറത്തിലുള്ള അന്ത്യോദയാ അന്ന യോജന (എ.എ.വൈ) കാര്‍ഡുകള്‍ അനുവദിച്ചപ്പോള്‍ 18929 പേര്‍ക്കാണ് പിങ്ക് നിറത്തിലുള്ള പ്രയോറിറ്റി ഹൗസ് ഹോള്‍ഡ് (പി.എച്ച്.എച്ച്) കാര്‍ഡ് ലഭിച്ചത്. രണ്ടാം പിണറായി വിജയന് സര്‍ക്കാര്‍ ചുമതലയേറ്റതിന് ശേഷം 2021 മെയ് 27 മുതലുള്ള കണക്കുകളാണിത്. സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി ആരംഭിച്ച ഒരു ലക്ഷം മുന്‍ഗണനാ കാര്‍ഡ് വിതരണം ചെയ്യുന്ന പദ്ധതി പ്രകാരമുള്ള 772 റേഷന്‍ കാര്‍ഡുകളുടെ വിതരണവും ഉടന്‍ പൂര്‍ത്തിയാകും. ഇതിന്റെ ഭാഗമായി ഇതിനോടകം തന്നെ 16 കുടുംബങ്ങള്‍ക്ക് മഞ്ഞ കാര്‍ഡും 180 കുംടുംബങ്ങള്‍ക്ക് പിങ്ക് കാര്‍ഡും നല്‍കിക്കഴിഞ്ഞു.
റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗങ്ങളിലേക്ക് മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിവിധ സപ്ലൈ ഓഫീസുകളില്‍ ലഭിച്ച അപേക്ഷകള്‍ക്ക് പുറമേ അദാലത്തുകള്‍ വഴിയും അപേക്ഷകള്‍ സ്വീകരിച്ചിരുന്നു. പിന്നീട് ഇതില്‍ നിന്ന് സൂക്ഷ്മപരിശോധന നടത്തി തിരഞ്ഞെടുക്കുന്നവര്‍ക്കാണ് കാര്‍ഡുകള്‍ വിതരണം ചെയ്തത്. അനര്‍ഹരെ പൂര്‍ണമായും ഒഴിവാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണിത്.
ആലുവ താലൂക് സപ്ലൈ ഓഫീസിലാണ് കൂടുതല്‍ പേര്‍ക്ക് റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റി നല്‍കിയത്. 4277 പിങ്ക് കാര്‍ഡുകളും 50 മഞ്ഞ കാര്‍ഡുകളും ഉള്‍പ്പടെ 4320 പേര്‍ക്കാണ് ഗുണഫലം ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള കുന്നത്തുനാട് താലൂക്കില്‍ 3627 പേര്‍ക്ക് പിങ്ക് കാര്‍ഡുകളും 60 മഞ്ഞ കാര്‍ഡുകളുമാണ് വിതരണം ചെയ്തത്. പറവൂര്‍ താലൂക്കില്‍ 3008 കുടുംബങ്ങള്‍ക്ക് പിങ്ക് കാര്‍ഡുകളും 130 കുടുംബങ്ങള്‍ക്ക് മഞ്ഞ കാര്‍ഡുകളും ലഭിച്ചു. കോതമംഗലം താലൂക്കിലായിരുന്നു ഏറ്റവുമധികം പേര്‍ക്ക് മഞ്ഞ കാര്‍ഡ് ലഭിച്ചത്. 171 കാര്‍ഡുകളാണ് കൂടുതല്‍ മുന്‍ഗണന ലഭിക്കുന്ന ഈ വിഭാഗത്തിലേക്ക് മാറ്റി നല്‍കിയത്.
എറണാകുളം നഗരപരിധി ഉള്‍പ്പെടുന്ന കൊച്ചി സിറ്റി റേഷനിംഗ് ഓഫീസ്, എറണാകുളം സിറ്റി റേഷനിംഗ് ഓഫീസ് എന്നിവിടങ്ങളിലായിരുന്നു ഏറ്റവും കുറവ് റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന വിഭാഗത്തിലേക്ക് തരം മാറ്റിയത്. യഥാക്രമം 816, 695 എന്നിങ്ങനെയാണ് ഇത്. കാര്‍ഡുകള്‍ തരം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഏറ്റവും കുറവ് അപേക്ഷകര്‍ എത്തിയതും ഇവിടങ്ങളില്‍ തന്നെയായിരുന്നു.