എറണാകുളം: ലോക്ഡൗണ്‍ മൂലം ഭക്ഷണം കിട്ടാതെ ദുരിതത്തിലായ തെരുവ് മൃഗങ്ങള്‍ക്ക് ഭക്ഷണമൊരുക്കി മാതൃകയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്. തെരുവ് മൃഗങ്ങള്‍ക്ക് ഭക്ഷണണം നല്‍കുന്നതിനായി തൃപ്പുണിത്തുറയില്‍ തുടങ്ങിയ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഉല്ലാസ് ഭക്ഷ്യധാന്യം നല്കി. ലോക്ഡൗണ്‍ തീരും വരെ മൃഗങ്ങള്‍ക്ക് ഭക്ഷണം നല്കാന് ജില്ല എസ്പിസിഎ (സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രൂ വല്‍റ്റി ടു ആനിമല്‍സ്)ക്ക് ചെയര്മാന് കൂടിയായ ഉല്ലാസ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് തൃപ്പുണിത്തുറയില്‍ തുടങ്ങിയ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഉല്ലാസ് ഭക്ഷ്യധാന്യം നല്‍കിയത്.
ജില്ല എസ്പിസിഎ സെക്രട്ടറി ടി.കെ. സജീവന് ഭക്ഷ്യധാന്യം ഏറ്റുവാങ്ങി. ജില്ല പഞ്ചായത്ത് സെക്രട്ടറി അജി ഫ്രാന്‍സീസ്, ഇന്‍സ്പെക്ടര്‍ വിഷ്ണു വിജയ്, അസിസ്റ്റന്റ് ഇക്ബാല്‍ കെപി തുടങ്ങിയവര്‍ പങ്കെടുത്തു. ലോക്ഡൗണ്‍ തീരും വരെ എല്ലാ ദിവസവും തെരുവ് മൃഗങ്ങള്‍ക്ക് ഭക്ഷ്യധാന്യം എത്തിച്ച് നല്കി മാതൃകയാകുകയാണ് ഉല്ലാസ് തോമസ്. ദിവസവും 300 കിറ്റുകളാണ് വിതരണം ചെയ്യുന്നത്. കാക്കനാട്, ത്രിപ്പൂണിത്തുറ, എംജി റോഡ്, പള്ളുരുത്തി, കലൂര്‍, കടവന്ത്ര, ഐലന്റ് കറങ്ങി, വൈറ്റില എന്നിവിടങ്ങളിലെ തെരുവ് മൃഗങ്ങള്‍ക്കാണ് ഭക്ഷണം വിതരണം ചെയ്യുക. തെരുവ് മൃഗങ്ങള്‍ കൂടുതല്‍ കാണുന്ന പ്രദേശങ്ങള്‍ എവിടെയൊക്കെയെന്ന് കണ്ടെത്തിയാണ് ഭക്ഷണ വിതരണം.
സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രൂ വല്‍റ്റി ടു ആനിമല്‍സ് ഉദ്യോഗസ്ഥന്മാരും വാളന്ററിയര്മാരും ചേര്‍ന്നാണ് കമ്മ്യൂണിറ്റി കിച്ചണില്‍ തയാറാക്കുന്ന ഭക്ഷണം മൃഗങ്ങള്‍ക്ക് നല്‍കുന്നത്. കാക്കനാട് മേഖലയില്‍ ഇന്നലെ ഭക്ഷണമൊരുക്കിയിരുന്നു.
പരമാവധി നാലു ദിവസമാണ് നായ്ക്കള്‍ക്ക് ഭക്ഷണം കഴിക്കാതെ പിടിച്ചു നില്ക്കാന് കഴിയുക. തുടര്‍ന്ന് ഭക്ഷണത്തിനായി ഇവ അലഞ്ഞുതിരിഞ്ഞ് നടക്കും. നഗരത്തില്‍ എത്തുന്ന പൊതുജനത്തിന് ഇത് ഭീക്ഷണിയാവുകയും ചെയ്തതോടെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇടപെടല്‍ നടത്തിയത്.
അടച്ചിട്ടിരിക്കുന്ന പെറ്റ് ഷോപ്പുകളില്‍ ഉള്ള മൃഗങ്ങള്‍ക്ക് ഭക്ഷണം നല്കാന് ജീവനക്കാരനെ ഏല്‍പ്പിക്കണമെന്ന് ഉല്ലാസ് തോമസ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് സാധിക്കാത്തവര്‍ മൃഗങ്ങളെ തുറന്നു വിടണം. നിര്‍ദേശം ലംഘിക്കുന്ന പെറ്റ് ഷോപ്പുടമകള്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കാനും ഉല്ലാസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


