പിറവം: മഴക്കാല രോഗങ്ങള്‍ക്കെതിരെ മുന്നൊരുക്കം നടത്തുക എന്ന ലക്ഷ്യത്തോടെ രാമമംഗലം ഹൈസ്കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്ലീന്‍ യുവര്‍ ഹോം ചലഞ്ച് സംഘടപ്പിച്ചു. രാമമംഗലം ഹൈസ്കൂളിലെ ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളില്‍ പെട്ട 88 കേഡറ്റുകള്‍ ആണ് ചലഞ്ചില്‍ പങ്കെടുത്തത്. സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം തങ്ങളുടെ ഭവനങ്ങളും പരിസരങ്ങളും ക്ലീന്‍ ചെയ്ത് പദ്ധതിയുടെ ഭാഗമായി.
കോവിഡ് മഹമാരിയുടെ കാലഘട്ടത്തില്‍ മറ്റു പകര്‍ച്ച വ്യാധികള്‍ ഉണ്ടാകാന്‍ ഇട കൊടുക്കരുത്. കൊതുക് പരത്തുന്ന രോഗങ്ങള്‍ ഇല്ലാതാക്കാന്‍ ക്ലീനിംഗിലൂടെ സാധിക്കുമെന്ന് കേഡറ്റുകളായ പവന് പി സുമേഷ്, സഞ്ജയ് രാജീവ്, അബിയ പിബി തുടങ്ങിയവര്‍ പറഞ്ഞു.
കേഡറ്റുകളുടെ ക്ലീനിങ് ചലഞ്ചു മറ്റു വിദ്യാര്‍ത്ഥികളും അധ്യാപകരും സമൂഹ മാധ്യമങ്ങള്‍ വഴി മറ്റുള്ളവരും ഏറ്റെടുത്ത് തുടങ്ങി. ക്ലീന്‍ ചലഞ്ചിന്റെ ഭാഗമായി ബോധവല്‍ക്കരണ പരിപാടികളും ആഴ്ച്ച തോറുമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തും.
പ്രധാന അധ്യാപകന് മണി പി കൃഷ്ണന്, കമ്യൂണിറ്റി പോലീസ് ഓഫീസര്‍ മാരായ അനൂബ് ജോണ്‍, സ്മിത കെ വിജയന്, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ അഖില്‍ പിഎം എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.


