മുവാറ്റുപുഴ: മുവാറ്റുപുഴ നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ ജീവനക്കാരനെ വംശീയമായി അധിക്ഷേപിക്കുകയും മതവിദ്വേഷം പ്രചരിപ്പിക്കുന്ന വിധത്തില്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ആക്ഷേപകരമായി സംസാരിക്കുകയും ചെയ്ത ഇടതു കൗണ്‍സിലര്‍മാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മുവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി മുനിസിപ്പല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെഎം അബ്ദുല്‍ മജീദ് പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മുവാറ്റുപുഴയിലെ സിപിഎം, ആര്‍എസ്സ്എസ്സിനെ പ്രീതിപ്പെടുത്താന്‍ ഒരു ജീവനക്കാരനെ അകാരണമായി വേട്ടയാടുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെഎം അബ്ദുല്‍ മജീദ് ആരോപിച്ചു.
മുവാറ്റുപുഴയില്‍ ജനങ്ങള്‍ക്ക് പഴകിയ ഭക്ഷണം വിളമ്പിയ ഹോട്ടലുകള്‍ക്കെതിരെ നീതിയുക്തമായ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥനാണ് ഈ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍. കൃത്യനിര്‍വ്വഹണത്തിനിടയില്‍ സംഘ് പരിവാറിനും സിപിഎമ്മിനും വേണ്ടപ്പെട്ടവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തില്‍ ഹോട്ടലുകളില്‍ റെയ്ഡ് നടത്തിയതും ഇടതു പക്ഷത്തെ പ്രകോപിപ്പിച്ചിട്ടുണ്ടെന്ന് കെഎം അബ്ദുല്‍ മജീദ് പറഞ്ഞു.
മുവാറ്റുപുഴ സിഎച്ച് മഹലില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരസഭാ കാര്യാലയത്തിന് മുന്നില്‍ സമാപിച്ചു. മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ആരിഫ് പി എ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ എസ് സുലൈമാന്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് പി എ ബഷീര്‍, നഗരസഭാ ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി വി അബ്ദുല്‍ സലാം, പായിപ്ര പഞ്ചായത്ത് അംഗം ഷാഫി മുതിരക്കാലായില്‍, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി മുഹമ്മദ് സ്വാലിഹ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിമാരായ ടിഎം ഹാഷിം, കെഎം അബ്ദുല്‍ കരീം, എംഎസ്എഫ് സംസ്ഥാന കണ് വീനര് റമീസ് മുതിരക്കാലായില്‍ യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ സിദ്ധീഖ് എംഎസ്, അഷ്റഫ് കടങ്ങനാട്ട്, റിയാസ് വലിയപറമ്പില്‍, ഷിഹാബ് ഇ എ, നിജാസ് ജമാല്‍, ഷബാബ് വലിയപറമ്പില്‍, സിയാദ് ഇടപ്പാറ, ഷാജഹാന് പി കെ, അബു പൂമറ്റത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മാര്‍ച്ച് നഗരസഭ ഓഫീസിന് മുന്പില് പോലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെഎം അബ്ദുള്‍ മജീദ് ഉല്‍ഘാടനം ചെയ്തു.


