ലഹരി വസ്തുക്കള്‍ക്കെതിരെ പ്രതിരോധം തീര്‍ത്ത് റൂറല്‍ ജില്ലയിലെ ഒന്നര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പ്രതിഞ്ജയെടുത്തു. നാര്‍ക്കോട്ടിക്ക് കണ്ട്രോള് ബ്യൂറോ സോണല്‍ ഡയറക്ടര്‍ അരവിന്ദന് ഒണ്‍ലൈന്‍ വഴി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്ക് അധ്യക്ഷത വഹിച്ചു.
നര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പി പി.പി. ഷംസ്, സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ആര്. റാഫി, ആലുവ ഡി.വൈ.എസ്.പി പി.കെ. ശിവന്‍കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലയിലെ തിരഞ്ഞെടുത്ത സ്കൂളിലെ വിദ്യാര്‍ത്ഥികള്‍, എസ്.പി.സി കേഡറ്റുകള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെല്ലാം എസ്.പി കെ. കാര്‍ത്തിക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്തു.
അന്താരാഷ്ട്ര മയക്കു മരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂണ്‍ 26 ”പ്രമുക്തി” എന്ന പേരില്‍ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഓട്ടോ, ടാക്സി ഡ്രൈവര്‍മാര്‍, കുടംബശ്രീ, ആശാ വര്‍ക്കര്‍മാര്‍, റസിഡന്‍സ് അസോസിയേഷന് അംഗങ്ങള്‍, എന്‍.ജി.ഒ കള്‍, വിദ്യാര്‍ത്ഥികള്‍, സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് അംഗങ്ങള്‍, പൊതു പ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലയിലുള്ളവര്‍ക്കായി ബോധവത്ക്കരണ പരിപാടികള്‍ നടത്തും.
വിദ്യാര്‍ഥികള്‍ക്കായി ലഹരി വിരുദ്ധ പോസ്റ്റര്‍ രചന, കാര്‍ട്ടൂണ്‍, ക്വിസ്, ഉപന്യാസ രചന എന്നീ മത്സരങ്ങളും, ബോധവല്‍ക്കരണ സൈക്കിള്‍ റാലിയും സംഘടിപ്പിച്ചിട്ടുണ്ട്.


