മുതിര്‍ന്ന പൗരന്മാര്ക്കും ഭിന്നശേഷിക്കാര്‍ക്കും സൗകര്യപ്രദമായ രീതിയില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ ഒ.പി കൗണ്ടറില്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന വിവരാവകാശ കമീഷന് ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി. എറണാകുളം ജില്ലാ കളക്ടര്‍ നല്കിയ നിര്‍ദ്ദേശം അനുസരിച്ച് വായു സഞ്ചാരമുള്ളതും വെളിച്ചമുള്ളതുമായ ഒ.പി കൗണ്ടര്‍ മുതിര്‍ന്ന പൗരന്മാര്ക്കും ഭിന്നശേഷിക്കാര്‍ക്കുമായി ഏര്‍പ്പെടുത്താതിരുന്നത് സംബന്ധിച്ച വിവരാവകാശ അപേക്ഷയില്‍ നല്കിയ ഉത്തരവിലാണ് വിവരാവകാശ കമീഷണര്‍ കെ.വി സുധാകരന് ഡിഎച്ച്എസിന് നിര്‍ദ്ദേശം നല്‍കിയത്.
മരട് സ്വദേശി എം.ജെ പീറ്റര്‍ നല്കിയ വിവരാവകാശ അപേക്ഷയിലാണ് കമീഷന് ഉത്തരവ്. ജനറല്‍ ആശുപത്രിയിലെ ഒ.പി കൗണ്ടറുകള്‍ക്ക് സമീപമുള്ള ഹാള്‍ ഡോക്ടര്‍മാര്‍ക്ക് എയര്‍ കണ്ടീഷനിങ് സംവിധാനം ഏര്‍പ്പെടുത്താനായി കെട്ടി അടച്ചെന്നും ഇതുമൂലം വേണ്ടത്ര വെളിച്ചവും വായുവും ഇല്ലാത്ത സ്ഥാലത്താണ് ഒ.പി കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും, ഇതിന് പരിഹാരം ഉണ്ടാക്കണമെന്നും അപേക്ഷകന് ആവശ്യപ്പെട്ടിരുന്നു.
ഇതിന് സാങ്കേതികമായി മറുപടി നല്‍കുക മാത്രമാണ് ജനറല്‍ ആശുപത്രി അധികൃതര്‍ ചെയ്തത്. ഇത്തരമൊരു അപേക്ഷയ്ക്ക് സാങ്കേതികമായ മറുപടി പറഞ്ഞ് രക്ഷപ്പെടുകയല്ല ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടതെന്നും പല വിധത്തിലുള്ള വേദനകള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും അടിപ്പെടുന്ന മുതിര്‍ന്ന പൗരന്മാരോടും ഭിന്നശേഷിക്കാരോടും കുറച്ചുകൂടി കരുണാര്‍ദ്രമായ സമീപനം കാട്ടേണ്ടത് ഉദ്യോഗസ്ഥരുടെ ബാധ്യതയാണെന്നും കമീഷന് ഉത്തരവില്‍ പറയുന്നു.
പ്രശ്നത്തില്‍ മനുഷ്യാവകാശ ലംഘനം ഉള്ളതു കൊണ്ട് അപേക്ഷകന് സംസ്ഥാന മനുഷ്യാവകാശ കമീഷനെ പരാതി പരിഹാരത്തിനായി സമീപിക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.


