ഏറ്റുമാനൂര്‍- ചിങ്ങവനം ഇരട്ടപാതയുടെ പേരില്‍ റദ്ദാക്കിയ ട്രെയിനുകളുടെ പട്ടിക റെയില്‍വേ പുറത്തിറക്കിയതിന് പിന്നാലെ യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് റെയില്‍വേയുടെ ഇപ്പോഴത്തെ അശാസ്ത്രീയ നിയന്ത്രണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന കായംകുളം എറണാകുളം പാസഞ്ചറും, ആലപ്പുഴ എറണാകുളം പാസഞ്ചറും റദ്ദാക്കിയത് ന്യായീകരിക്കാന്‍ ആവില്ലെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു.
കോവിഡിന് ശേഷം കേരളത്തില്‍ ഇനിയും സര്‍വീസ് പുനരാരംഭിക്കാത്ത മുപ്പത്തിലേറെ മെമു, പാസഞ്ചറുകള്‍ യാര്‍ഡിലും പല സ്റ്റേഷനുകളിലുമായി കാട് കയറി നശിക്കുമ്പോളാണ് ഒരേ റേക്കില്‍ സര്‍വീസ് നടത്തുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി ആലപ്പുഴ വഴിയുള്ള പാസഞ്ചറുകള്‍ റദ്ദാക്കിയിരിക്കുന്നത്. അതുപോലെ കോവിഡിന്റെ കാരണം പറഞ്ഞു നിര്‍ത്തി വച്ചിരിക്കുന്ന മെമു, പാസഞ്ചറുകള്‍ സര്‍വീസുകള്‍ തുടങ്ങാത്തത് സ്ഥിരയാത്രക്കാരോട് റെയില്‍വേ കാണിക്കുന്ന കടുത്ത അവഗണനയുടെ ബാക്കിപത്രമാണെന്ന് ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് ആരോപിക്കുന്നു.
ബദല്‍ മാര്‍ഗങ്ങള്‍ ഒന്നും സ്വീകരിക്കാതെയാണ് റെയില്‍വേ ഇത്തവണ നിയന്ത്രണങ്ങള്‍ പുറത്തിറക്കിയത്. പൂര്‍ണ്ണമായും ഗതാഗതം സ്തംഭിപ്പിക്കാതെ പുരോഗമിക്കുന്ന ഇരട്ടപാതയുടെ അറ്റകുറ്റപണികള്‍ക്കിടയില്‍ കടത്തി വിടുന്ന ട്രെയിനുകളില്‍ ഓഫീസ് സമയം പാലിക്കുന്ന ട്രെയിനുകളെ പരിഗണിച്ചില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. വേണാടും മെമുവും പരശുറാമും റദ്ദാക്കുകയും താരതമ്യേന ബോഗികള്‍ കുറവുള്ള പാലരുവി മാത്രം കടത്തി വിടുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാനാവില്ല.
സ്ഥിരയാത്രക്കാര്‍ ആശ്രയിക്കുന്ന എല്ലാ ട്രെയിനുകളും റദ്ദാക്കിയതിന്റെ അടിസ്ഥാനത്തില്‍ ബഹുദൂരട്രെയിനുകള്ക്ക് സാഹചര്യങ്ങള്‍ മനസ്സിലാക്കി റെയില്‍വേ കൂടുതല്‍ സ്റ്റോപ്പ് പരിഗണിക്കണം.കോട്ടയം വഴി ഈ ദിവസങ്ങളില്‍ എറണാകുളം ഭാഗത്തേയ്ക്ക് സര്‍വീസ് അനുവദിച്ചിരിക്കുന്ന പാലരുവി എക്സ്പ്രസ്സിന് ഏറ്റുമാനൂരിലും ചിങ്ങവനത്തും തത്കാലിക സ്റ്റോപ്പ് അനുവദിക്കണം എന്ന ആവശ്യവും ശക്തമാണ്.
കായംകുളം എറണാകുളം പാസഞ്ചറും, എറണാകുളം – ആലപ്പുഴ പാസഞ്ചറും റദ്ദാക്കിയതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ വഴി തിരിച്ചു വിടുന്ന ട്രെയിനുകള്‍ക്ക് ആ റൂട്ടിലുള്ള യാത്രക്കാരെയും കൂടി പരിഗണിച്ചുകൊണ്ട് കൂടുതല്‍ സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. പരശുറാം റദ്ദാക്കിയത് കാസര്‍ഗോഡ് നിന്ന് കോഴിക്കോട് ഭാഗത്തേയ്ക്ക് രാവിലെ ജോലി ആവശ്യങ്ങള്‍ക്കായി യാത്രചെയ്യുന്നവരെയും കൊല്ലത്ത് നിന്ന് വൈകുന്നേരം തിരുവനന്തപുരം ഭാഗത്തേക്കുമുള്ള സ്ഥിരയാത്രക്കാരെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇരട്ട പാതയുടെ ഒരു നിയന്ത്രണവും സ്പര്‍ശിക്കാത്ത ഈ ജില്ലകളില്‍ ബദല്‍ മാര്‍ഗ്ഗം ആലോചിക്കാതിരുന്നതും സ്ഥിര യാത്രക്കാരോടുള്ള വിവേചനമാണ് പ്രകടമാകുന്നതെന്നും ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് സെക്രട്ടറി ലിയോണ്‍സ് ആരോപിച്ചു.
അതുപോലെ മെമുവിന്റെ എക്സ്പ്രസ്സ് നിരക്ക് പിന്‍വലിക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തിന് റെയില്‍വേ ഇനിയും ചെവികൊടുക്കാത്തത് തികച്ചും ഖേദകരമാണ്. സാധാരണക്കാരന്റെ സഞ്ചാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം റെയില്‍വേയ്ക്ക് ഇന്ന് ഒരു വിനോദമായി മാറിയിരിക്കുന്നു. മിച്ചം പിടിക്കാന്‍ ബാക്കിയില്ലാത്ത സാധാരണക്കാരന്റെ സാമ്പത്തിക ഭദ്രതയെ നിലംപരിശാക്കി റെയില്‍വേ ചൂളം വിളിച്ചു പായുന്നത് ജനമനസ്സുകളില്‍ നിന്നാണെന്ന് ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് പ്രസിഡന്റ്. എം. ഗീത അഭിപ്രായപ്പെട്ടു
കോട്ടയം വഴിയുള്ള റെയില്‍ ഗതാഗതം നിലയ്ക്കുന്ന ദിവസങ്ങളില്‍ ഓഫീസ് ജീവനക്കാരെ പരിഗണനയില്‍ എടുത്ത് കൊണ്ട് രാവിലെയും വൈകുന്നേരവും കൂടുതല്‍ KSRTC സര്‍വീസുകള്‍ ആരംഭിക്കാനുള്ള നടപടിയും ഇതോടൊപ്പം സ്വീകരിക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു.


