മൂവാറ്റുപുഴ: ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നഗരത്തിലെ മുഴുവന്‍ കൊടി തോരണങ്ങളും ബോര്‍ഡുകളും മൂന്ന് ദിവസത്തിനകം നീക്കം ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു. നഗരസഭാ ചെയര്മാന് പി.പി. എല്‍ദോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ട്രേഡ് യൂണിയന് പ്രവര്‍ത്തകര്‍, മത-സാമൂഹിക സംഘടന ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു.
ഗതാഗതത്തിനും കാല് നടയ്ക്കും തടസ്സമാകുന്ന തരത്തില്‍ നഗരങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് യോഗം വിളിച്ചു ചേര്‍ത്തത്. ഭാവിയില്‍ അവശ്യഘട്ടങ്ങളില്‍
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ മറ്റു സംഘടനകള്‍ക്കോ ഇത്തരത്തില്‍ ബോര്‍ഡോ, കൊടിതോരണങ്ങളോ മറ്റോ സ്ഥാപിക്കേണ്ടി വരുന്ന ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇത്തരത്തില്‍ പ്രദര്‍ശിപ്പിക്കുന്നവ പരിപാടി കഴിയുന്ന തൊട്ടടുത്ത ദിവസം ബന്ധപ്പെട്ട സംഘടനയുടെ ചിലവില്‍ നീക്കംചെയ്യുന്നതിനും തീരുമാനമായി.
അനധികൃതമായി ഇത്തരം വസ്തുക്കള്‍ നഗരത്തില്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ല. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ഇത്തരം വസ്തുക്കള്‍ നഗരസഭ ഉദ്യോഗസ്ഥര്‍ നീക്കം ചെയ്യുകയും ചെയ്യും. മീഡിയനുകളില്‍ ബോര്‍ഡ് വെക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കി. വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തടസ്സമുണ്ടാക്കുന്ന ബോഡുകള്‍ ഉടന്‍ നീക്കം ചെയ്യുന്നതിനും യോഗം തീരുമാനിച്ചു.


