തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ പദ്ധതി നിര്‍ണയം നടത്തുമ്പോള്‍ മാലിന്യ സംസ്കരണത്തിനും ദുരന്ത നിവാരണത്തിനും മുന്‍ഗണന നല്‍കണമെന്ന് ജില്ലാ കളക്ടറും ജില്ലാ ആസൂത്രണ സമിതി മെമ്പര്‍ സെക്രട്ടറിയുമായ ജാഫര്‍ മാലിക് പറഞ്ഞു. 14-ാം പഞ്ചവത്സര പദ്ധതി നടത്തിപ്പിന്റെ ഭാഗമായുള്ള വാര്‍ഷിക പദ്ധതികളുടെ മുന്‍ഗണന നിശ്ചയിക്കുന്നതിനായി ചേര്‍ന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാലിന്യ സംസ്കരണത്തില്‍ സ്ഥല പരിമിതി എന്നതിനേക്കാള്‍ കൃത്യമായ പദ്ധതി നടപ്പാക്കുന്നതിന് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ പ്രത്യേക കരുതല്‍ നല്‍കണം. ഇതിനായി പ്രദേശ വാസികളെയും നാട്ടുകാരെയും ബോധവത്കരിക്കുകയും ചെയ്യണം.
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തോടുകളും കനാലുകളും പൂര്‍ണമായി വൃത്തിയാക്കുക എന്നതിന് പ്രാധാന്യം നല്‍കണമെന്നും കളക്ടര്‍ പറഞ്ഞു. ഓപ്പറേഷന് വാഹിനിയുടെ ഭാഗമായി തോടുകള്‍ വൃത്തിയാക്കിയത് വിജയകരമായിരുന്നു. എങ്കിലും പ്രവര്‍ത്തനം പൂര്‍ണമായിട്ടില്ല എന്നതിന് തെളിവാണ് പുതുതായി ചില സ്ഥലങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടായതില്‍ നിന്ന് വ്യക്തമാവുന്നത്. ജൂണ്‍ 30 ന് മുന്‍പായി എല്ലാ തോടുകളും നവീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി വിഹിതം ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട് ഗ്രാമ പഞ്ചായത്തുകള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. സംസ്ഥാന തലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന രീതിയിലേക്ക് പഞ്ചായത്തുകള്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് യോഗത്തിന് അധ്യക്ഷത വഹിച്ചു. ജില്ലയിലെ എല്ലാ തരിശു ഭൂമികളിലും കൃഷി ആരംഭിക്കുന്നതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഒരുങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പച്ചക്കറി ഉത്പാദനത്തിലും നെല്ലുത്പാദനത്തിലും സ്വയം പര്യാപ്തത കൈവരിക്കണം. പരമാവധി വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുന്നതിനും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളോട് അനുബന്ധിച്ചു ഓപ്പണ്‍ ജിമ്മുകള്‍ ആരംഭിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷന് വാഹിനിയോട് അനുബന്ധമായി സുജലം എന്ന പദ്ധതി ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. തോടുകളുടെ സമീപമുള്ള പ്രദേശങ്ങളില്‍ എക്കല്‍ നീക്കം ചെയ്തു കൃഷി യോഗ്യമാക്കുന്നതിനായി ഓരോ ഡിവിഷനുകളിലും 15 ലക്ഷം രൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഫ്ലഡ് മാപ്പിംഗ് നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ ജമാല്‍ മണക്കാടന്, ലിസ്സി അലക്സ്, ശാരദ മോഹന്‍ എ.എസ്. അനില്‍കുമാര്‍, റീത്ത പോള്‍, ഷൈമി വര്‍ഗ്ഗീസ്, അനിത ടീച്ചര്‍, ദീപു കുഞ്ഞുകുട്ടി, തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാര്, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


