എറണാകുളം: ആനക്കയം പദ്ധതി ഉപേക്ഷിക്കണമെന്ന് കേരള ഗ്രാമ സ്വരാജ്ഫൗണ്ടേഷന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ആനക്കയം ചെറുകിട ജലസേചന പദ്ധതിക്ക് വേണ്ടി മരങ്ങള്‍ മുറിക്കാനും തുരങ്കം നിര്‍മ്മിക്കാനും ഉള്ള നടപടികള്‍ കേരള വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ് നടത്തുന്നു. ഇതിനെതിരായി ചാലക്കുടിറിവര്‍ പ്രൊട്ടക്ഷന്‍ ഫോറവും ഇതര പരിസ്ഥിതി സംഘടനകളും വിദഗ്ദ്ധരും രംഗത്തുവന്നിട്ടുണ്ട്.
1990 കളില്‍ മുന്നോട്ടു വച്ച ഒരു പദ്ധതിയാണിത്. അന്നത്തെ സാഹചര്യമല്ല ഇന്നുള്ളത്. സ്വകാര്യ വിതരണ കമ്പനികളുമായുണ്ടാക്കിയിട്ടുള്ള ദീര്‍ഘകാല കരാര്‍ വഴി രണ്ടു പതിറ്റാണ്ട് കാലത്തേയ്ക്ക് യൂണിറ്റിന് നാലു രൂപയില്‍ താഴെ നിരക്കില്‍ വൈദ്യുതി ലഭ്യമാകുമെന്നു ബോര്‍ഡ് ഉറപ്പാക്കിയിട്ടുണ്ട്. കേന്ദ്ര പൂളില്‍ നിന്നു മുള്ള വിഹിതം മറ്റു സംസ്ഥാനങ്ങള്‍ക്ക് മറിച്ചു നല്കുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഉപഭോഗത്തില്‍ വര്‍ദ്ധനവുണ്ടായാലും സമീപഭാവിയിലൊന്നും വൈദ്യുതിക്കമ്മി ഉണ്ടാകുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല.
സോളാര്‍ സാദ്ധ്യതകളും കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യത്തില്‍ അടിയന്തര പ്രാധാന്യം നല്‍കേണ്ട പദ്ധതിയല്ല എന്നതിനാല്‍ ഈ പദ്ധതി ഉപേക്ഷിക്കണമെന്ന് കേരളഗ്രാമ സ്വരാജ്ഫൗണ്ടേഷന് ആവശ്യപ്പെട്ടു. പദ്ധതിപ്രദേശം 2006 ലെ വനാവകാശ നിയമപ്രകാരം ഊരുകൂട്ടങ്ങള്‍ക്ക് കമ്യൂണിറ്റി ഫോറസ്റ്റ് റിസോര്‍സസ് റൈറ്റ് (CFR) അനുവദിച്ച് വിജ്ഞാപനം ചെയ്തിട്ടുള്ള 400 ച.കി. മീറ്ററില്‍ ഉള്‍പ്പെടുന്നതാണ്. അവകാശം എന്നതിനേക്കാള്‍ ഈ പ്രദേശത്തിന്റെ പരിപാലനം ഊരുകൂട്ടങ്ങളുടെ ഉത്തരവാദിത്തമായിട്ടാണ് നിയമം വിവക്ഷിച്ചിട്ടുള്ളത്. ഊരുകൂട്ട സമിതിയുടെ അംഗീകാരമില്ലാതെ ഒരു വിധത്തിലുള്ള പ്രവര്‍ത്തികളും വനമേഖലയില്‍ പാടില്ലെന്ന് നിയമം വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇത് ചൂണ്ടിക്കാണിച്ച് എട്ട് ഊരുകൂട്ടങ്ങള്‍ പ്രമേയം പാസാക്കി ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ട്.
കോവിഡ് കാലത്ത് സന്ദര്‍ശകരെ …. കര്‍ശനമായി വിലക്കിയിട്ടു പോലും മരം മുറിക്കുന്നവര്‍ക്ക് ഉദാരമായി അനുവാദം നല്‍കുന്നത് വിചിത്രമായിത്തോന്നുന്നു. പറമ്പിക്കുളം ടൈഗര്‍ റിസര്‍വിന്റെ ബഫര്‍ മേഖലയില്‍പ്പെട്ട 15 ഏക്കര്‍ പദ്ധതിക്ക് വേണ്ട 20 ഏക്കറില്‍ പെടുന്നുണ്ട്. ഈ പ്രദേശം പരിസ്ഥിതി – വന്യജീവി പ്രാധാന്യമുള്ളതാണെന്ന് വിദഗ്ധരും പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. 2018 ലെ പ്രളയകാലത്ത് ഇവിടെ ഉരുള്‍ പൊട്ടലുണ്ടായി. ഇതിനുപുറമേ പലവട്ടം മണ്ണിടിച്ചിലുമുണ്ടായിട്ടുണ്ട്. ഇവിടെ സ്ഫോടനങ്ങള്‍ നടത്തി മല തുരന്ന് തുരങ്കമുണ്ടാക്കുന്നത് അഭിഷണിയമല്ല. ദുരന്ത നിവാരണ നിയമത്തിന്റെ അന്തസ്സത്തയ്ക്ക് നിരക്കുന്നതല്ല. ഈ സാഹചര്യത്തില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗികരിക്കണമെന്നും മരം വെട്ടാനും തുരങ്കമുണ്ടാക്കാനുമുള്ള നീക്കങ്ങള്‍ അടിയന്തിരമായി നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടു
18 ന് നടക്കുന്ന സമരത്തില്‍ കേരളഗ്രാമ സ്വരാജ് ഫൗണ്ടേഷന്റെ എല്ലാ താലൂക്ക് കമ്മിറ്റികളും പങ്കെടുക്കും.
എറണാകുളത്ത് ചേര്‍ന്ന ഫൗണ്ടേഷന് സംസ്ഥാന യോഗത്തില്‍ ചെയര്മാന് എം.എന്‍. ഗിരി, ജനറല്‍ സെക്രട്ടറി വി.ഡി. മജീന്ദ്രന്, ജഗത്മയന്‍ ചന്ദ്രപുരി, ജാക്സണ് പൊള്ളയില്, രാജേഷ് നടവയല്‍, അയൂബ് മേലേടത്ത്, സുരേഷ് വര്‍മ്മ, അഭിലാഷ് തോപ്പില്‍, ഉഷ ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.


