മദ്യത്തിനും മയക്കു മരുന്നിനും പകരം ജീവിതത്തെ ലഹരിയാക്കി മാറ്റാന്‍ നമുക്ക് കഴിയണമെന്ന് പ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കര്‍ അനസ് തൈപ്പറമ്പില്‍. പായിപ്ര സ്കൂള്‍ പടിയിയില്‍ എറണാകുളം ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസും പായിപ്ര ഗവ. യു.പി.സ്കൂളും നന്മ ടീം പായിപ്രയും ചേര്‍ന്ന് നടത്തിയ ലഹരി വിരുദ്ധ ബോധവല്‍ക്കരണ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബങ്ങളെ ആസ്വദിക്കാന്‍ കഴിയാതെ മറ്റു ലഹരി തേടി പോകുന്നുണ്ടെങ്കില്‍ അതിന് ഉത്തരവാദികള്‍ നമ്മള് തന്നെയല്ലേ എന്ന് ഓരോരുത്തരും സ്വയം ചിന്തിക്കേണ്ട കാര്യമാണ്. ലഹരിയുടെ പ്രവര്‍ത്തനം ശരീരത്തില്‍ ആരംഭിക്കുന്നതോടെ ആരോട് എങ്ങനെ സംസാരിക്കണം എന്ത് ചെയ്യണം എന്ന ചിന്ത മാഞ്ഞു പോകുകയാണ്. ഇത്തരം ഘട്ടത്തിലേക്ക് മക്കള്‍ എങ്ങനെ എത്തിപ്പെടുന്നു എന്ന് ചിന്തിക്കേണ്ടതുണ്ടത്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കുടുംബാംഗങ്ങള്‍ തമ്മില്‍ ഊഷ്മളമായ ബന്ധം ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലഹരി മരുന്നുകളുടെ ദൂഷ്യഫലങ്ങളെ കുറിച്ചും യുവാക്കളെയും കുട്ടികളെയും അതില്‍ നിന്ന് പുറത്തു കൊണ്ടുവരുന്നത് സംബന്ധിച്ചും സംഗമത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ലഹരി വിരുദ്ധ ബോധവല്‍ക്കരണ സംഗമത്തിന്റെ ഉദ്ഘാടനം എക്സൈസ് ഇന്‍സ്പെക്ടര്‍ സുനില്‍ ആന്റോ ഉദ്ഘാടനം ചെയ്തു. നാടിനെ ലഹരി മുക്തമാക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും ഇതിനായി തന്നാല്‍ കഴിയുന്ന കാര്യങ്ങള്‍ നിര്‍വഹിക്കുമെന്ന് ഓരോരുത്തരും പ്രതിജ്ഞ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ പായിപ്ര ജി.യു.പി. സ്കൂള്‍ പി.ടി.എ പ്രസിഡന്റ് നസീമ സുനില്‍ അധ്യക്ഷത വഹിച്ചു. പായിപ്ര ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം.സി വിനയന് ലഹരി വിരുദ്ധ സന്ദേശം നല്കി. വാര്‍ഡ് അംഗം പി.എച്ച് സക്കീര്‍ ഹുസൈന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പായിപ്ര ഗവ.യു.പി. സ്കൂള്‍ ഹെഡ്മിസ്ട്രസ് വി.എ റഹീമ ബീവി, നന്മ ടീം പ്രതിനിധികളായ സഹീര്‍ മേനാമറ്റം, നിഷാദ് പാണായിച്ചാലില്, ഷാജഹാന്, നൗഷാദ് പ്ലാക്കുടി, അജാസ് മുതിരക്കാലായില്‍, അജ്മല്‍ ഇടശ്ശേരിക്കുടിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.