മൂവാറ്റുപുഴ: എം.എല്‍.എയും ഉദ്യോഗസ്ഥരും ചേര്‍ന്ന് മൂവാറ്റുപുഴ നഗര റോഡ് വികസനം അട്ടിമറിച്ചെന്ന് മുന്‍ എം എല്‍.എ. എല്‍ദോ എബ്രഹാം കുറ്റപ്പെടുത്തി. നഗരത്തിന്റെ മുഖച്ഛായ മാറുന്ന പദ്ദതി തല്പര കക്ഷികളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് അട്ടിമറിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
വെള്ളൂര്‍ക്കുന്നം കവല മുതല്‍ പി.ഒ ജംഗ്ഷന് വരെയുള്ള നഗര റോഡ് വികസനത്തിന്റെ പരിധിയില്‍ നിന്ന് വെള്ളൂര്‍ക്കുന്നം മുതല്‍ നെഹ്റു പാര്‍ക്ക് വരെയുള്ള നിര്‍മ്മാണം ഒഴിവാക്കിയത് അംഗീകരിക്കാനാകില്ല. 2400 മീറ്റര്‍ റോഡ് വര്‍ക്ക് 1800 മീറ്ററായി ചുരുങ്ങി.വെള്ളൂര്‍കുന്നം ജംഗ്ഷനിലെ 4 സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുത്തതിന് 2018-ല്‍ സര്‍ക്കാര്‍ പണം നല്‍കിയതാണ്. ഏറ്റെടുത്ത ഭൂമി സ്വകാര്യ വ്യക്തികളുടെ കൈവശം ഇരിക്കുകയും, റോഡ് നിര്‍മ്മാണത്തില്‍ നിന്ന് പിന്‍വാങ്ങുകയും എന്‍എച്ച്എഐ യുടെ റോഡാണിത് എന്ന വരട്ടുന്യായം പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
മന്ദീഭവിച്ച് കിടന്നതും വിസ്മൃതിയിലാവുകയും ചെയ്ത നഗര റോഡ് വികസന പദ്ധതി പുന:രുജ്ജീവിപ്പിച്ചത് ഒന്നാം എല്‍ ഡി എഫ് ഗവണ്മെന്റിന്റെ കാലത്താണ്. റീസര്‍വ്വെ നടത്തി അതിര്‍ത്തി കല്ലുകള്‍ പുന:സ്ഥാപിച്ചും , നിലമായി കിടന്ന ഭൂമി അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമീഷണര്‍ ഓഫീസ് വഴി തരം മാറ്റി എടുത്തും, റീഹാബിലിറ്റേഷന്‍ ആന്റ് റീ സെറ്റില്‍മെന്റ് പാക്കേജിന് എല്‍ ആര് സി ഓഫീസില്‍ നിന്ന് അംഗീകാരം വാങ്ങിയെടുത്തതും കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണകാലത്താണ്.135 പേരുടെ ഭൂമി ഏറ്റെടുക്കേണ്ടതില്‍ 92 പേരുടെ കൈവശമിരുന്ന 172 സെന്റ് സ്ഥലം പുതിയ ആക്ട് പ്രകാരം 18 കോടി രൂപ ചെലവില്‍ 2017, 2018 വര്‍ഷങ്ങളിലായി ഏറ്റെടുത്തു. ആകെ നഗര വികസനത്തിന് വേണ്ടിയിരുന്ന ഭൂമിയുടെ 85% വും ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് ഏറ്റെടുത്തത്.
അവശേഷിക്കുന്ന 43 പേരുടെ കൈവശത്തിലുള്ള 29 സെന്റ് ഭൂമിക്ക് 425 ലക്ഷം രൂപയും ,ജല അതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കുന്നതിന് 3 കോടി രൂപയും, ഇലക്ട്രിസിറ്റി പോസ്റ്റുകള്‍ മാറി യു.ജി.കേബിള്‍ സ്ഥാപിക്കുന്നതിന് 450 ലക്ഷം രൂപയും, റോഡ് നിര്‍മാണത്തിന് 18 കോടി രൂപയും ഉള്‍പ്പെടെ 30 കോടി കണക്കാക്കി തുക അനുവദിച്ചത് 2017 – 2018 ബജറ്റിലാണ്. വിശദമായ പദ്ധതി പരിശോധനകള്‍ക്ക് ശേഷം 32 കോടി രൂപയുടെ അനുമതി കിഫ്ബി ബോര്‍ഡും എക്സിക്യൂട്ടീവും അംഗീകരിച്ചു നല്കി.
″എല്ലാമാസവും കളക്ടറുടെ നേതൃത്വത്തിലും , ആവശ്യമെങ്കില്‍ പൊതുമരാമത്ത് മന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കേണ്ട റിവ്യൂ മീറ്റിംഗുകള്‍ ചേരാത്തതും , സ്വാര്ഥതാല്പ്പര്യത്തിന് പദ്ധതി പ്രവര്‍ത്തനം വഴി തിരിച്ചതും നാടിന് വിനയായി.″
നഗരത്തില്‍ റോഡിന് ശരാശരി 20 മീറ്റര്‍ വീതി വേണ്ടതിന് വള്ളക്കാലി ജംഗ്ഷനിലുള്‍പ്പെടെ ശരാശരി വീതി 18 മീറ്ററില്‍ താഴെ മാത്രമായി ചുരുങ്ങി. സര്‍ക്കാര്‍ പണം നല്കിയ ഭൂമി ഇതിനകം പണം സ്വീകരിച്ച സ്വകാര്യ വ്യക്തികള്‍ തന്നെ ഏറ്റെടുക്കുന്ന സ്ഥിതിയുണ്ടായി. കെട്ടിട നിര്‍മ്മാണ ചട്ടം ലംഘിച്ച് വ്യാപാര സമുച്ചയങ്ങള്‍ക്ക് നഗരസഭ ഉദ്യേഗസ്ഥര്‍ അനുമതി നല്കി. വ്യാപാര സ്ഥാപനങ്ങളാകട്ടെ ഇഴഞ്ഞ് നീങ്ങിയ നിര്‍മ്മാണത്തെ തുടര്‍ന്ന് വന്‍ പ്രതിസന്ധിയെ നേരിടുകയും ചെയ്തു.
ഗതാഗതക്കുരുക്കിന് വലിയൊരളവ് ആശ്വാസമാകേണ്ട പദ്ധതി എം.എല്‍.എ.യും നിര്‍വഹണ ഉദ്യേഗസ്ഥരും ചേര്‍ന്ന് ഇല്ലാതാക്കി. നഗരത്തില്‍ എത്തുന്നവര്‍ക്കാകട്ടെ പാര്‍ക്കിംഗിന് ഒരിടത്തും സൗകര്യങ്ങളും ഒരുക്കിയിട്ടില്ല. നഗര റോഡ് വികസനത്തിന്റെ ഭാഗമായ ഗതാഗത നിയന്ത്രണത്തിലെ ക്രമീകരണങ്ങള്‍ മൂലം സമീപ റോഡുകള്‍ എല്ലാം പൂര്‍ണ്ണമായും തകര്‍ന്നു. വിവിധ ഡിപ്പാര്‍ട്ട്മെന്റുകളുടെ ഏകോപനത്തിലെ ഗുരുതര വീഴ്ചയും പ്രവര്‍ത്തനത്തില്‍ കാലതാമസത്തിന് ഇടവരുത്തി. പുതിയ പദ്ദതിയോ ഫണ്ടോ അല്ല നിലവിലുള്ള പ്രോജക്ടിന്റെ മേല്‍നോട്ടം പോലും നടത്താന്‍ ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികള്‍ക്ക് കഴിയാതെ പോകുന്നുവെന്നതാണ് യാഥാര്‍ഥ്യം.
വള്ളക്കാലി ജംഗ്ഷനില്‍ സര്‍വ്വെയര്‍മാര്‍ അളന്ന് തിട്ടപ്പെടുത്തിയ സ്വകാര്യ വ്യക്തികളുടെ ഭൂമിയുടെ അളവ് സംബന്ധിച്ച തര്‍ക്കങ്ങള്‍ കോടതി വ്യവഹാരത്തെ തുടര്‍ന്ന് സ്വകാര്യ വ്യക്തിക്കനുകൂലമായ വിധി ലഭിച്ചു.കോടതി വിധി നടപ്പാക്കുന്നതില്‍ ഗുരുതര വീഴ്ച വന്നതിനെ തുടര്‍ന്ന് വള്ളക്കാലി ജംഗ്ഷനിലെ നിര്‍മ്മാണവും നടക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
മാറാടി, വെള്ളൂര്‍ക്കുന്നം വില്ലേജിന്റെ പരിധിയില്‍ നഗര വികസനത്തിനായി ഏറ്റെടുക്കാന്‍ നിശ്ചയിച്ച മുഴുവന്‍ സ്ഥലവും ഏറ്റെടുക്കണമെന്നും, നെഹ്റു പാര്‍ക്ക് മുതല്‍ – വെള്ളൂര്‍ക്കുന്നം ജംഗ്ഷന് വരെ റോഡ് നിര്‍മ്മാണം 20 മീറ്റര്‍ വീതിയില്‍ മുന്‍പ് തയ്യാറാക്കി അംഗീകരിച്ച ഡി പി ആര് പ്രകാരം നിര്‍മ്മിക്കണമെന്നും എല്‍ദോ എബ്രഹാം അധികൃതരോട് ആവശ്യപ്പെട്ടു. പൊതുമുതല്‍ സംരക്ഷിക്കാന്‍ കഴിയാതിരിക്കുകയും,നാടിന്റെ സ്വപ്ന പദ്ധതി അട്ടിമറിക്കുകയും ചെയ്ത എം.എല്‍.എ മാത്യൂ കുഴലനാടന്‍ തല്‍സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നും, പൊതു ഖജനാവില്‍ നിന്ന് പണം ചെലവഴിച്ച് നഷ്ടം വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും എല്‍ദോ എബ്രഹാം പറഞ്ഞു.