കോട്ടയം: സംസ്ഥാന ഭരണം കൈയ്യാളുന്ന ഇടത് സര്‍ക്കാര്‍ കോവിഡിന്റെപേരില്‍ പെറ്റി അടിച്ച് പണം വസൂലാക്കുന്ന ജന വിരുദ്ധ പെറ്റി സര്‍ക്കാരാണന്ന് നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്മാന് കുരുവിള മാത്യൂസ് കുറ്റപ്പെടുത്തി.
കഴിഞ്ഞ 4 ദിവസത്തിനുള്ളില്‍ ഒരു ലക്ഷത്തില്‍പരം പേരില്‍ നിന്ന് പോലീസ് പെറ്റി അടിച്ച് നടപടി എടുത്തു. പോലീസിന്റെ എല്ലാ തലത്തിലുള്ള ഉദ്യോഗസ്ഥന്മാര്ക്കും ഭീമമായ തുക പിരിച്ചെടുക്കുന്നതിന് ക്വാട്ട ഇട്ടിരിക്കുകയാണ്. 500 രൂപയുടെ കിറ്റ് കൊടുക്കുമ്പോള്‍ അതിന്റെ നാലിരട്ടി തുക പെറ്റി അടിപ്പിക്കുന്ന സര്‍ക്കാര്‍ എല്ലാ അര്‍ത്ഥത്തിലും ‘ജന വിരുദ്ധ സര്‍ക്കാര്‍ ‘ തന്നെയാണ് കുരുവിള മാത്യൂസ് വിമര്‍ശിച്ചു..
‘ക്വറ്റ് ഇന്ത്യ വാരത്തില്‍ ക്വറ്റ് പെറ്റി സര്‍ക്കാര്‍’ പ്രചാരണ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം. സംസ്ഥാന വൈസ് ചെയര്മാന് ജെയിംസ് കുന്നപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.
ആരാധനാലയങ്ങളില്‍ പോയവര്‍ക്കും, ചായ കുടിക്കാന്‍ മാസ്ക്ക് അല്‍പ്പം താഴ്ത്തിവച്ചവര്ക്കും, ഭക്ഷണ പൊതി വാങ്ങാന്‍ പോയവര്‍ക്കും, പശുവിന് പുല്ല് വെട്ടാന്‍ പോയവര്‍ക്കും ഭീമമായ തുകയാണ് പെറ്റി അടിച്ചിരിക്കുന്നത്. ഈ കൊള്ളയ്ക്ക് യാതൊരു വിധ ന്യായീകരണവും ഇല്ലന്ന് അദ്ദേഹം പറഞ്ഞു.


