മലപ്പുറം: ഓഡിറ്റ് പരാമര്‍ശവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തിന്റെ മുന്‍ ഭരണ സമിതിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി പത്ര മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെറ്റിദ്ധരാണാ ജനകവും വസ്തുതകള്‍ മനസ്സിലാക്കാതെയുമുള്ളതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം എന്നിവര്‍ അറിയിച്ചു.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു കൊണ്ട് മാത്രമേ ജില്ലാ പഞ്ചായത്ത് നേരിട്ടും ഏജന്‍സി മുഖേനയും പ്രവര്‍ത്തികള്‍ നടത്തിയിട്ടുള്ളൂ. ജില്ലാ പഞ്ചായത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗത്തിന് ഓരോ വര്‍ഷവും മുവായിരത്തോളം പദ്ധതികളാണ് നിര്‍വഹണം നടത്താനുള്ളത്. സര്‍ക്കാരാണെങ്കില്‍ കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷമായി പദ്ധതി ചെലവഴിക്കുന്നതിന് മാര്‍ച്ച് 31 വരെ സമയം അനുവദിക്കുന്നുമില്ല. ഫെബ്രുവരി മാസം മുതല്‍ ട്രെഷറിയില്‍ കൊടുക്കുന്ന ബില്ലുകള്‍ ക്യു ബില്ലിലേക്ക് മാറ്റി തുക വെട്ടിക്കുറക്കുകയാണ് പതിവ്. അത് കൊണ്ട് തന്നെ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ള ആക്രെഡിറ്റെഡ് ഏജന്‍സികള്‍ക്ക് മറ്റു ജില്ലാ പഞ്ചായത്തുകള്‍ ഉള്‍പ്പെടെ മിക്ക തദ്ദേശ സ്ഥാപനങ്ങളും പ്രവര്‍ത്തികള്‍ നല്‍കാറുണ്ട്.
ഇത്തരം ഏജന്‍സികള്‍ക്ക് ടെന്‍ഡര്‍ നടപടികള്‍ ഇല്ലാതെ നേരിട്ട് പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ അനുമതിയുള്ളതിനാല്‍ സാങ്കേതികത്വങ്ങളില്‍ കുരുങ്ങിയുള്ള കാല താമസം ഒഴിവാക്കാന്‍ കഴിയുമെന്നതാണ് സവിശേഷത. തന്നെയുമല്ല പര്‍ച്ചേസ് ആന്‍ഡ് ഇന്സ്റ്റലേഷന് വിഭാഗത്തില്‍ പെടുന്ന പല പ്രവര്‍ത്തികള്‍ക്കും പൊതു മരാമത്ത് വിഭാഗത്തിന്റെ പ്രൈസ് സോഫ്റ്റ്വെയറില് റേറ്റ് നിര്‍ണ്ണയിച്ചു നല്‍കിയിട്ടുമില്ല. അത് കൊണ്ട് തന്നെ പൊതു മരാമത്തിന്റെ പ്രൈസ് സോഫ്റ്റ്വെയറില് റേറ്റ് നിര്‍ണ്ണയിച്ചു നല്കിയിട്ടില്ലാത്ത ഇത്തരം പ്രവര്‍ത്തികള്‍ പഞ്ചായത്തുകളുടെ എഞ്ചിനീയറിംഗ് വിഭാഗത്തിന് ചെയ്യാന്‍ കഴിയില്ല.
ഓഡിറ്റ് പരാമര്‍ശമുള്ള ജില്ലാ പഞ്ചായത്ത് ഓഫീസ് നവീകരണം സോഫ്റ്റ്വെയറില് റേറ്റ് നിര്‍ണ്ണയിച്ചു നല്കിയിട്ടില്ലാത്ത പര്‍ച്ചേസ് ആന്‍ഡ് ഇന്സ്റ്റലേഷന് വിഭാഗത്തില്‍ പെടുന്ന പ്രവര്‍ത്തിയും ആയത് ഏറ്റെടുത്തത് സര്‍ക്കാര്‍ ആക്രെഡിറ്റെഡ് ഏജന്‍സിയായ ‘ആര്‍ട്ട് കോ’ യുമാണ്. തദ്ദേശ സ്ഥാപനങ്ങളില്‍ എഞ്ചിനീയറിംഗ് വിഭാഗം ഉണ്ടെന്ന് അറിയുന്ന സര്‍ക്കാര്‍ തന്നെയാണ് എഞ്ചിനീയറിംഗ് വിഭാഗം ചെയ്യുന്ന അതേ പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതിന് സര്‍ക്കാറിന്റെ വിവിധ കോര്‍പറേഷനുകളെ ആക്രെഡിറ്റെഡ് ഏജന്‍സികള്‍ എന്ന നിലയില്‍ പ്രത്യേക ജി. ഒ. പ്രകാരം അനുമതി നല്‍കുകയും അവരെ നോഡല്‍ ഏജന്‍സികളായി ചുമതലപ്പെടുത്തുകയും ചെയ്തിട്ടുള്ളത് എന്ന വസ്തുത കാണാതിരിക്കരുത്. ഇതേ സര്‍ക്കാരിന്റെ ഓഡിറ്റ് വിഭാഗം തന്നെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് വിരോധാഭാസമാണെങ്കിലും സാധാരണ ഗതിയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ക്ക് ഭരണ സമിതി തീരുമാന പ്രകാരം മറുപടി നല്‍കുന്നതോടെ ഓഡിറ്റ് പരാമര്‍ശങ്ങള്‍ നീക്കാറാണ് പതിവ്.
വാര്‍ത്തക്കാധാരമായ പ്രവര്‍ത്തിയെ കുറിച്ചുള്ള ഓഡിറ്റ് പരാമര്‍ശത്തിനും ജില്ലാ പഞ്ചായത്ത് വ്യക്തമായ മറുപടി സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. മറ്റൊരു പ്രധാന പരാമര്‍ശം കിന്‍ഫ്രാ വ്യവസായ പാര്‍ക്കില്‍ ഐ. ടി. വികസനത്തിന് ജില്ലാ പഞ്ചായത്ത് പാട്ടത്തിനെടുത്ത സ്ഥലത്തിന്റെ വാടക ഈടാക്കുന്നതില്‍ വന്ന കാല താമസത്തെ കുറിച്ചാണ്. സംരംഭകരില്‍ നിന്ന് സര്‍വീസ് ചാര്‍ജുകള്‍ ഈടാക്കുന്നതിനും യഥാ സമയം വാടക അടക്കാത്തവരില്‍ നിന്ന് പിഴ ഉള്‍പ്പെടെ ഈടാക്കുന്നതിനും ജില്ലാ പഞ്ചായത്ത് നേരത്തെ തീരുമാനം എടുത്തിട്ടുള്ളതാണ്. എന്നാല്‍ സംരംഭകരുടെ കണ്‍സോര്‍ഷ്യത്തിലെ രണ്ട് പേര് മരണപ്പെട്ടതിനെ തുടര്‍ന്നും അതോടനുബന്ധിച്ചുണ്ടായ കോവിഡ് പ്രതിസന്ധിയിലും മാനുഷിക പരിഗണന വെച്ച് മാത്രമാണ് കടുത്ത നടപടികളിലേക്ക് ജില്ലാ പഞ്ചായത്ത് പോകാതിരുന്നിട്ടുള്ളത്. ഇക്കാര്യവും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
വളരെയേറെ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന ജില്ലാ പഞ്ചായത്തിനെ ഒന്നോ രണ്ടോ ഓഡിറ്റ് പരാമര്‍ശങ്ങളുടെ പേരില്‍ ഗുരുതരമായ വീഴ്ചയുണ്ടെന്ന രീതിയില്‍ കരി വാരിത്തേക്കുന്നതിനുള്ള ശ്രമം അംഗീകരിക്കാനാവില്ല. കാല താമസം ഒഴിവാക്കുന്നതിനും കാര്യക്ഷമമായി നിര്‍വഹണം നടത്തുന്നതിനുമായി ഏതാനും പ്രവര്‍ത്തികള്‍ മാത്രം ഏജന്‍സികളെ ഏല്‍പ്പിക്കുമ്പോള്‍ മുവായിരത്തോളം പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്ന എഞ്ചിനീയറിംഗ് വിഭാഗത്തെ നോക്കു കുത്തിയാക്കുന്നു എന്ന രീതിയില്‍ പ്രചരണം നടത്തുന്നത് അസംബന്ധമാണ്. ഇത്തരം ആരോപണം ഉന്നയിച്ച ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ മെമ്പറുടെ ഡിവിഷനില്‍ തന്നെ അദ്ദേഹത്തിന്റെ ആവശ്യ പ്രകാരം ആക്രെഡിറ്റെഡ് ഏജന്‍സിക്ക് പ്രവര്‍ത്തി നല്‍കിയിട്ടുണ്ട്.
വസ്തുതകള്‍ ഇതായിരിക്കെ തെറ്റിദ്ധാരണ പരത്തി ജില്ലാ പഞ്ചായത്തിനെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമം ആരുടെ ഭാഗത്ത് നിന്നായാലും ജില്ലയുടെ വികസനത്തെ മുരടിപ്പിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്ന് പ്രസിഡന്റും വൈസ് പ്രസിഡന്റും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.


