പാലക്കാട് നഗരസഭയിലെ 23-ാം വാര്‍ഡില്‍ വോട്ടിംഗ് മെഷീന് കേടായതിനെ തുടര്‍ന്ന് പോളിംഗ് രണ്ട് മണിക്കൂറോളം വൈകി. സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളിലെ രണ്ടാം നമ്പര്‍ ബൂത്തിലെ വോട്ടിംഗ് മെഷീനാണ് തകരാറിലായത്. ആദ്യം വച്ച മെഷീന് പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ട് രണ്ടാമതൊരു യന്ത്രം കൂടി ഏത്തിച്ചെങ്കിലും ഇതും പ്രവര്‍ത്തനക്ഷമമായിരുന്നില്ല.
ഇതോടെ വോട്ടര്‍മാര്‍ ബഹളം വച്ച് തുടങ്ങി. ചിലര്‍ വോട്ട് ചെയ്യാതെ മടങ്ങി. ഒടുവില്‍ മൂന്നാമതൊരു വോട്ടിംഗ് യന്ത്രം എത്തിച്ച ശേഷമാണ് വോട്ടിംഗ് തുടങ്ങാനായത്. 1155 വോട്ടര്‍മാരാണ് ഈ ബൂത്തില്‍ വോട്ട് ചെയ്യാനായുണ്ടായിരുന്നത്. പ്രശ്നം പരിഹരിക്കാനായെന്നും ഇനി സുഗമമായി വോട്ടിംഗ് നടത്താമെന്നും 9 മണിയോടെ അധികൃതര്‍ അറിയിച്ചു.
മോക്ക് പോളിംഗ് സമയത്ത് സാങ്കേതിക പ്രശ്നം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പോളിംഗ് നിര്‍ത്തിവയ്ക്കുകയായിരുന്നുവെന്നും കളക്ട്രേറ്റില്‍ നിന്ന് വിദഗ്ധ സംഘമെത്തി പ്രശ്നം പരിഹരിക്കുകയായിരുന്നുമെന്നുമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പ്രതികരണം.


