എറണാകുളം: ഗതാഗത നിയമ പാലനങ്ങള്‍ക്കൊപ്പം പ്രകൃതി സംരക്ഷണവും ശീലമാക്കുന്നതിന് മുന്നോടിയായി ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തിലേക്ക് കടക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് കേരള പദ്ധതിയുടെ ഭാഗമായി നിരീക്ഷണം ശക്തമാക്കാന്‍ നാല് ഇലക്ട്രിക് വാഹനങ്ങള്‍ ജില്ലയില്‍ വാടകക്കെടുത്തു. വാഹനങ്ങള്‍ ജില്ല കളക്ടര്‍ എസ് സുഹാസ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. നാല് വാഹനങ്ങളാണ് കളക്ടര്‍ കൈമാറിയത്.
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് അനര്‍ട്ടിനു കീഴിലുള്ള എനര്‍ജി എഫിഷ്യന്‍സി സര്‍വ്വീസസില്‍ നിന്നും 65 ഇലക്ട്രിക് വാഹനങ്ങള്‍ വാടകക്കെടുത്തത്. എട്ടു വര്‍ഷത്തേക്കാണ് വാഹനങ്ങള്‍ വാടകക്കെടുത്തിരിക്കുന്നത്. എല്ലാ ജില്ലകളിലേക്കും ഈ വാഹനങ്ങള്‍ കൈമാറും.
സുരക്ഷിതമായ ഡ്രൈവിങ്ങ് പ്രോത്സാഹിപ്പിക്കാനും ഗതാഗത നിയമലംഘനങ്ങള്‍ പരമാവധി കുറച്ച് റോഡപകടങ്ങള്‍ കുറക്കാനുമുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ പദ്ധതിയാണ് സേഫ് കേരള. ഒറ്റ ചാര്‍ജിങ്ങില്‍ മുന്നൂറ് കിലോമീറ്ററോളം ദൂരം ഈ വാഹനത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് വാഹനത്തിന്റെ നിര്‍മാതാക്കള്‍ പറയുന്നത്.
വാഹനങ്ങള്‍ കൈമാറുന്ന ചടങ്ങില്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മഷണര്‍ റെജി വര്‍ഗ്ഗീസ്, എറണാകുളം ആര്.ടി.ഒ ബാബു ജോണ്‍, എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ ഷാജി മാധവന് തുടങ്ങിയവര്‍ പങ്കെടുത്തു.


