റെയില്‍വേ പേരിന് നടത്തിയ പരിഷ്കാരം നിരാശജനകമാണെന്നും യാത്രക്കാരെ പരിഹസിക്കുകയാണ് ഇതിലൂടെ റെയില്‍വേ ചെയ്തതെന്നും ഫ്രണ്ട്സ് ഓണ്‍ റെയില്‍സ്. ഈ മാസം അവസാനത്തോടെ സര്‍വീസ് നടത്തുമെന്ന് പ്രഖ്യാപിച്ച മെമു ട്രെയിനുകളുടെ സമയക്രമം യാത്രക്കാര്‍ക്ക് അനുകൂലമല്ലെന്ന് ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധം യാത്രക്കാര്‍ക്കിടയില്‍ ഉണ്ടായിരുന്നു. സമയമാറ്റം ആവശ്യപ്പെട്ട് എംപിമാര്‍ക്കും കേന്ദ്ര റെയില്‍വേ മന്ത്രിയ്ക്കും ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് നിവേദനം കൊടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ പേരിന് നടത്തിയ പരിഷ്കാരം നിരാശജനകമാണെന്നും യാത്രക്കാരെ പരിഹസിക്കുകയാണ് ഇതിലൂടെ റെയില്‍വേ ചെയ്തതെന്നും ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് ആരോപിക്കുന്നു.
ആദ്യം മെമു സര്‍വീസ് പ്രഖ്യാപിച്ചിരുന്നത് ശബരി എക്സ്പ്രസ്സിന് 15 മിനിറ്റ് മുമ്പായി 12.45 ന് എറണാകുളം ജംഗ്ഷനില്‍ നിന്ന് എടുക്കുന്ന വിധമായിരുന്നു. എറണാകുളത്ത് ഓഫീസ് ആവശ്യങ്ങള്‍ക്ക് വന്നുമടങ്ങുന്നവര്ക്ക് പോലും ഈ സമയം അനുകൂലമല്ലെന്നും കൊല്ലം വരെ മിനിറ്റുകളുടെ വ്യത്യാസത്തില്‍ മൂന്നു ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നതിലൂടെ യാത്രക്കാര്‍ക്ക് വേണ്ട പ്രയോജനം ലഭിക്കുന്നില്ലെന്നും നിവേദനത്തില്‍ സൂചിപ്പിച്ചിരുന്നു. എറണാകുളം ടൗണില്‍ നിന്ന് ഉച്ചയ്ക്ക് 1.45 നുള്ള പരശുറാം കടന്നുപോയാല്‍ കോട്ടയം വഴി കൊല്ലം ഭാഗത്തേയ്ക്ക് വൈകുന്നേരം 05.00 ന് എറണാകുളം ടൗണില്‍ നിന്ന് പുറപ്പെടുന്ന കേരള എക്സ്പ്രസ്സ് മാത്രമാണ് ഏക ആശ്രയം. അതുകൊണ്ട് മെമുവിന്റെ പഴയ സമയമായ 02 40 ല്‍ തന്നെ പുനസ്ഥാപിക്കണമെന്ന ആവശ്യം തുടക്കം മുതല്‍ ഉയര്‍ന്നിരുന്നു.
ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ഉച്ചയ്ക്ക് 01.35 ന് എറണാകുളം ജംഗ്ഷനില്‍ നിന്ന് എടുക്കുന്ന വിധം ചിട്ടപ്പെടുത്തി ഇന്നലെ പുതിയ സമയക്രമം റെയില്‍വേ പുറത്തിറക്കുകയായിരുന്നു . പരശുറാം എക്സ്പ്രസ്സിന് 10 മിനിറ്റ് മുമ്പ് എറണാകുളത്ത് നിന്ന് ആരംഭിക്കുന്ന മെമു 03.00 മണിയ്ക്ക് കോട്ടയത്തു നിന്നും പുറപ്പെടുന്ന വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. 03.03 ആണ് പരശുറാം കോട്ടയം എത്തിച്ചേരേണ്ട സമയം. ഇത്തരത്തില്‍ ഒരു പരിഷ്കാരം ആര്‍ക്കുവേണ്ടി ആയിരുന്നെന്നും ഒരു സര്‍വീസ് ആര്‍ക്കും ഉപകാരമില്ലാത്ത വിധം ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇതിന്റെ പിന്നിലെന്നും ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് സെക്രട്ടറി ലിയോണ്‍സ് ജെ ആരോപിച്ചു. 03.05 ന്റെ പരശുറാം കടന്നുപോയാല്‍ 05.40 നുള്ള കോട്ടയം – കൊല്ലം പാസഞ്ചര്‍ സ്പെഷ്യല്‍ മാത്രമാണ് കോട്ടയത്ത് നിന്ന് കൊല്ലം ഭാഗത്തേയ്ക്ക് ദിവസേനയുള്ള അടുത്ത സര്‍വീസ്. ഇതിനൊരു പരിഹാരമായാണ് യാത്രക്കാര്‍ മെമുവിന്റെ സമയമാറ്റം ആവശ്യപ്പെട്ട് നിവേദനങ്ങള്‍ നല്‍കിയത്.
മിനിറ്റുകളുടെ വ്യത്യാസത്തില്‍ സര്‍വീസ് നടത്താനുള്ള സാങ്കേതിക വശങ്ങളെ കുറിച്ച് പഠിക്കാതെ പോലുമാണ് പുതിയ സമയക്രമം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇങ്ങനെ ഒരു സമയക്രമം പാലിക്കണമെങ്കില്‍ ഇരട്ടപാത മതിയാകില്ലെന്നും ട്രെയിനുകള്‍ അനാവശ്യമായി പിടിച്ചിടുന്നതിന് ഇതൊരു കാരണമാകുമെന്നും യാത്രക്കാര്‍ വാദിക്കുന്നു.
കോവിഡിന് ശേഷം റെയില്‍വേയുടെ ജനകീയ മുഖം നഷ്ടമായിരിക്കുന്നെന്നും ഈ സമയക്രമം പോലും സാധാരണക്കാരന്റെ യാത്രാ സ്വാതന്ത്ര്യത്തിന് മേലുള്ള റെയില്‍വേയുടെ നിഷേധസ്വരത്തിന് ഉദാഹരണമാണെന്നും ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് പ്രസിഡന്റ് എം. ഗീത അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികളും സ്ത്രീകളുമടക്കം നിരവധി യാത്രക്കാരുടെ ആവശ്യം റെയില്‍വേ കണ്ടില്ലെന്ന് നടിക്കരുതെന്നും തെറ്റായ തീരുമാനം തിരുത്താനും കോവിഡിന് മുമ്പ് ഉണ്ടായിരുന്ന പോലെ സമയം ക്രമീകരിക്കാനും റെയില്‍വേ തയ്യാറാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
കോവിഡിന് ശേഷം കടുത്ത മാനസിക പ്രതിസന്ധിയാണ് റെയില്‍വേ യാത്രക്കാരില്‍ അടിച്ചേല്‍പ്പിക്കുന്നത്. പുന:സ്ഥാപിച്ച ട്രെയിനുകളില്‍ ഭൂരിഭാഗവും ഓഫീസ് ജീവനക്കാര്‍ക്ക് അനുകൂലമല്ലാത്തവിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ വര്‍ഷങ്ങളായി ജനങ്ങള്‍ ആശ്രയിച്ചിരുന്ന സ്റ്റോപ്പുകള്‍ പുനസ്ഥാപിക്കണമെന്ന യാത്രക്കാരുടെ വിലാപത്തിനും പുല്ല് വിലയാണ് റെയില്‍വേ നല്‍കുന്നത്. കോവിഡില്‍ മാനസികമായും സാമ്പത്തികമായും തകര്‍ന്നിരിക്കുന്ന സാധാരണക്കാരന്റെ കയ്യില്‍ നിന്ന് സ്പെഷ്യല്‍ നാമം നല്കി മെമു ട്രെയിനുകള്‍ക്ക് എക്സ്പ്രസ്സ് നിരക്ക് ഈടാക്കുന്ന റെയില്‍വേ, സമയമാറ്റം ആവശ്യപ്പെട്ട യാത്രക്കാര്‍ നല്കിയ നിവേദനത്തെ ഇത്തരത്തില്‍ ഒരു പരിഷ്കാരത്തിലൂടെ പരിഹസിക്കുകയാണ് ചെയ്തത്.
05.40 ന് കോട്ടയത്ത് നിന്ന് എടുക്കുന്ന മെമുവില്‍ വലിയ തിരക്കാണ് ഇപ്പോള്‍ അനുഭപ്പെടുന്നത്. ചങ്ങനാശ്ശേരി കഴിയുമ്പോള്‍ വാതില്‍പ്പടി വരെ യാത്രക്കാര്‍ നിറയുമെന്നതിനാല്‍ പിന്നീടുള്ള യാത്ര സാഹസികമാണ്. ഇതിനെല്ലാം ഒരു പരിഹാരമായാണ് എറണാകുളം- കൊല്ലം മെമു പഴയ പോലെ 02 40 ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന വിധം ക്രമീകരിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യത്തില്‍ റെയില്‍വേ അധികാരികളുടെ അടിയന്തിര ഇടപെടല്‍ പ്രതീക്ഷിക്കുന്നതായി ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് ആവശ്യപ്പെട്ടു.


