എറണാകുളം: ഡിസംബര്‍ 10 നു നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ പൊതു തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ നേതൃത്വത്തില്‍ രണ്ടു മാസം നീണ്ടു നില്ക്കുന്ന തിരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് പൂര്‍ത്തിയാക്കിയത്. ഡിസംബര്‍ ഒന്പതിനു പോളിംഗ് സാമഗ്രികളുടെ വിതരണവും ഡിസംബര്‍ 10 ന് വോട്ടെടുപ്പും നടക്കും.
കോവിഡ് ഭീഷണിയുടെ നടുവില്‍ ഏറ്റവും കൃത്യതയാര്‍ന്ന തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നിര്‍വഹിച്ചത്. പരിശോധന പൂര്‍ത്തിയാക്കിയ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് പൂര്‍ത്തിയാക്കി സ്ട്രോങ്ങ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഡിസംബര്‍ ഒന്‍പതിന് ബാലറ്റ് യൂണിറ്റുകളും കണ്ട്രോള് യൂണിറ്റും അടങ്ങുന്ന വോട്ടിംഗ് യന്ത്രങ്ങളും പോളിംഗ് സാമഗ്രികളും കോവിഡ് പ്രതിരോധ കിറ്റും വിതരണം ചെയ്യും. 28 സ്വീകരണ -വിതരണ കേന്ദ്രങ്ങളാണ് ജില്ലയില്‍ ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരെ പോളിംഗ് ബൂത്തിലെത്തിക്കുന്നതിനുള്ള വാഹനങ്ങളുടെ സജ്ജീകരണങ്ങളും പൂര്‍ത്തിയായി. ബോട്ടുകളും യാത്രക്കായി ഒരുക്കിയിട്ടുണ്ട്.
ബൂത്തുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുള്ള സജ്ജീകരണങ്ങളും ആരംഭിച്ചു. അതാത് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. വോട്ടര്‍മാര്‍ക്ക് ക്യൂ നില്ക്കുമ്പോള് സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനായി ഒരു മീറ്റര്‍ അകലത്തില്‍ പ്രത്യേകം അടയാളമിട്ടു നല്‍കും. അടയാളമിടുന്ന ജോലികള്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി. ബൂത്തുകള്‍ അണുവിമുക്തമാക്കുന്ന ജോലികളും ഡിസംബര്‍ ഒന്‍പതോടെ പൂര്‍ത്തിയാകും.