നിബന്ധന ലംഘിച്ച് പ്രവര്‍ത്തിക്കുന്ന കൊച്ചി നഗരത്തിലെ മെഡിക്കല്‍ ലാബുകള്‍ പൂട്ടിച്ചു. ഇടപ്പള്ളിയിലെ ലാബുകളിലാണ് എറണാകുളം കളക്ടറുടെ നേതൃത്വത്തില്‍ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയത്. അനധികൃതമായി കൊവിഡ് പരിശോധന നടത്തിയിരുന്ന ലാബുകള്‍ക്കെതിരെയാണ് നടപടി. ഇടപ്പള്ളിയിലെ ലാബ് പൂട്ടിച്ചു. അനുമതിയോ ലൈസന്‍സോ ഇല്ലാതെയാണ് ഇവിടങ്ങളില്‍ കൊവിഡ് പരിശോധന നടത്തിയിരുന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഗുരുതര ക്രമക്കേടുകളാണ് ജില്ലാ കളക്ടറുടെയും തഹസീല്‍ദാറുടെയും നേതൃത്വത്തില്‍ നടന്ന ഈ പരിശോധനയില്‍ കണ്ടെത്തിയത് ഇടപ്പള്ളി ടോള്‍ ജംഗ്ഷന് സമീപമുള്ള ഹെല്‍ത്ത് കെയര്‍ എന്ന ലാബിലാണ് അനധികൃതമായി കൊവിഡ് ആര്‍ടിപിസിആര്‍, ആന്റിജന്‍ പരിശോധനകള്‍ നടന്നത്. ഐസിഎംആര്‍ന്റെ അംഗീകാരമുള്ള ലാബുകള്‍ക്ക് മാത്രമേ കൊവിഡ് പരിശോധന നടത്താനുള്ള അനുമതിയുള്ളു. പക്ഷെ ഇവിടെ ലൈസെന്‍സൊ മറ്റ് അനുമതികളോ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.
കൂടാതെ ഇവിടെ എത്തി പരിശോധന നടത്തുന്ന ആളുകളുടെ സാമ്പിളുകള്‍ പുറത്ത് കൊടുത്ത് പരിശോധന നടത്തുന്നു. പക്ഷെ എവിടെയാണ് ഇ സാമ്പിളുകള്‍ കൊടുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അവ്യക്തമാണ്. കൂടാതെ ഇന്നലെ കര്‍ണാടക സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ കേരളത്തില്‍ നിന്ന് പരിശോധനാ റിപ്പോര്‍ട്ടുമായി പോകുന്ന ആളുകളെ വീണ്ടും അവിടെ പരിശോധിപ്പിക്കുമ്പോള്‍ അവരെല്ലാം കൊവിഡ് പോസിറ്റീവ് ആകുന്നു എന്ന ഗുരുതര പരാമര്‍ശവും ഉണ്ടായിരുന്നു ഈയൊരു സാഹചര്യത്തിലാണ് കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന.
ഒരു ഡോക്ടറുടെ ഉടമസ്ഥതയിലുള്ളതാണ് ലാബ് പക്ഷെ ഡോക്ടര്‍ ഇവിടെ വന്നിട്ട് തന്നെ മാസങ്ങളായി. നിലവില്‍ ഒരു നഴ്സ് മാത്രമാണുള്ളത്. മാത്രമല്ല ഇന്ന് രാവിലെ തന്നെ അഞ്ച് ആന്റിജന്‍ ടെസ്റ്റുകളും ഈ സ്ഥാപനത്തില്‍ നടത്തിയിട്ടുണ്ട്. ലാബ് ഇന്ന് രാവിലെതന്നെ അടച്ചു. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന ലാബുകള്‍ക്കെതിരെ നടപടി തുടരും എന്ന് തന്നെയാണ് ജില്ലാ കളക്ടര്‍ അറിയിച്ചത്.


