മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറി കൗണ്‍സിലുകളുടെ നേതൃത്വത്തില്‍ ആധുനിക രീതിയിലുള്ള സഞ്ചരിക്കുന്ന ഗ്രന്ഥശാലകള്‍ ആരംഭിക്കണമെന്ന് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു. കൊവിഡ് മഹാമാരി നീണ്ടുനില്‍ക്കുന്ന കാലഘട്ടത്തില്‍ വീട്ടകങ്ങളിലിരിക്കുന്നവര്ക്ക് വായിക്കുവാന്‍ അഭിരുചിക്കി ണങ്ങിയ പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് സഞ്ചരിക്കുന്ന ഗ്രന്ഥശാലക ആരംഭിച്ച് പുസ്തക വായനയെ പ്രോത്സാഹിപ്പിക്കുവാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കേണ്ടതുണ്ട്. മൂവാറ്റുപുഴ താലൂക്ക് തല വായന പക്ഷാചണത്തിന്റെ സമാപനം സമ്മേളനത്തില്‍ ഐ.വി.ദാസ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്ന അദ്ദേഹം.
ആധുനീക ഗ്രന്ഥശാല പ്രസ്ഥാനം രൂപപ്പെടുത്തുന്നതില്‍ ഐ.വി.ദാസന് മാസ്റ്റര്‍ നല്കിയ സംഭാവന ഗ്രന്ഥശാല പ്രവര്‍ത്തകര്‍ക്ക് എക്കലവും വഴികാട്ടിയായിരിക്കുമെന്നും ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു. ജൂണ്‍ 18ന് പി.എന്‍. പണിക്കരുടെ ചരമദിനത്തില്‍ ഗ്രന്ഥശാലകളില്‍ ആരംഭിച്ച വായന പക്ഷാചരണ പരിപാടിയുടെ സമാപനം ഐ.വി. ദാസിന്റെ ജന്മദിനമായ ഇന്നലെയാണ് സമാപിച്ചത്. മൂവാറ്റുപുഴതാലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വി. ആര്.എ പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെയാണ് സമാപന സമ്മേളനം സംഘടിപ്പിച്ചത്.
സമ്മേളനത്തിന്റെ ഉദ്ഘാടനം സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം ജോസ് കരിമ്പന നിര്‍വ്വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.കെ. ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. ജില്ല ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി കെ.പി. രാമചന്ദ്രന്, ജില്ല എക്സിക്യൂട്ടീവ് അംഗം പി.ബി. രതീഷ്, നഗരസഭ കൗണ്‍സിലര്‍ ആര്.രാഗേഷ്, താലൂക്ക് ജോയിന്റ് സെക്രട്ടറി പി.കെ. വിജയന് മാസ്റ്റര്‍ , ജില്ല ലൈബ്രറി കൗണ്‍സില്‍ അംഗം കെ.എന്‍. മോഹനന്, താലൂക്ക് എക്സിക്യൂട്ടീവ് അംഗം സിന്ധു ഉല്ലാസ് എന്നിവര്‍ സംസാരിച്ചു.
വി.ആര്.എ ലൈബ്രറി സെക്രട്ടറി ആര്. രാജീവ് സ്വാഗതവും പ്രസിഡന്റ് കെ.ആര്. വിജയകുമാര്‍ നന്ദിയും പറഞ്ഞു. ലൈബ്രറി സെക്രട്ടറിമാര്‍, പ്രസിഡന്റുമാര്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗങ്ങള്‍, നേതൃസമതി കണ്‍വീനര്‍മാര്‍, ലൈബ്രേറിയന്മാര് എന്നിവര്‍ പങ്കെടുത്തു.


