മൂവാറ്റുപുഴ: ഒരാഴ്ചയായി മരത്തില്‍ കുടുങ്ങി കിടന്ന പൂച്ചയ്ക്ക് യുവാക്കള്‍ രക്ഷകരായി. മുളവൂര്‍ വടവൂര്‍ ദിവാകരന്റെ മാവിന് മുകളിലാണ് പൂച്ച കുടുങ്ങിയത്. കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ കാറ്റില്‍ വീണ മാമ്പഴം പറുക്കുന്നതിനായി ദിവാകരന് മാവിന് ചുവട്ടില്‍ എത്തിയിരുന്നു. ഈ സമയം മാവിന് മുകളില്‍ പൂച്ചയെ കണ്ടെങ്കിലും കാര്യമായി എടുത്തിരുന്നില്ല. ഇന്നലെ വീണ്ടും മാവിന് ചുവട്ടില്‍ എത്തിയപ്പോഴാണ് അവശനായ നിലയില്‍ പൂച്ചയെ മരത്തിന് മുകളില്‍ കണ്ടെത്തിയത്.
ഇതോടെ ദിവസങ്ങളായി പൂച്ച മരത്തിന് മുകളില്‍ കുടുങ്ങിയതാണന്ന് മനസിലാകുകയും പൊതു പ്രവര്‍ത്തകരായ അജാസ് സ്രാബിക്കല്, ഷാഹുല്‍ വെട്ടിയാം കുന്നേല്‍, ബി.എ. കരീം ബ്ലായിക്കുടി എന്നിവരെ കാര്യം അറിയിക്കുകയും ചെയ്തു. ഇതോടെ ഇവര്‍ പൂച്ചയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലായി. വിവര മറിഞ്ഞ് പൂച്ചയുടെ ഉടമസ്ഥനായ കീത്തടത്തില്‍ കെ.ബി. ഷംസുദ്ധീനും സ്ഥലത്തെത്തി.
ഒരാഴ്ചയായി തന്റെ വീട്ടില്‍ നിന്നും കാണാതായ പൂച്ചയാണിതെന്നും രാത്രിയില്‍ തെരുവ് നായ്ക്കള്‍ ഓടിച്ചതിനെ തുടര്‍ന്ന് ഭയന്ന് ഓടി മരത്തില്‍ കയറിയതാകാമെന്നും, ദിവസങ്ങളായി പൂച്ചയെ അന്വേഷിച്ച് നടക്കുകയായിരുന്നുവെന്നും ഷംസ് പറഞ്ഞു. പ്രദേശ വാസിയായ മുഹമ്മദ് മരത്തിന് മുകളില്‍ കയറി കയറും ചാക്കും ഉപയോഗിച്ച് പൂച്ചയെ താഴെയിറക്കുകയായിരുന്നു.
ഒരാഴ്ചയായി ഭക്ഷണവും വെള്ളവും ലഭിക്കാതെ മരത്തിന് മുകളില്‍ അവശ നിലയിലായ പൂച്ചയ്ക്ക് യുവാക്കളുടെ ഇടപെടലിലൂടെ ജീവന് തിരിച്ച് ലഭിച്ചു.