തഴവാ: അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി തഴപ്പായ് നെയ്ത്ത് ജീവിത വൃതമാക്കി ഇന്ന് തഴപ്പായയുടെ ബ്രാന്റ് അംബാസിഡര്‍ എന്ന നിലയില്‍ അറിയപ്പെടുന്ന എണ്‍പത്തിരണ്ട് വയസ്സ് പിന്നിട്ട തഴവാ കുതിര പന്തി കണ്ണങ്കരത്തറയില് ശങ്കരിയമ്മയെ ആദരിച്ചു. തഴവാ പാര്‍ത്ഥസാരഥി പോറ്റി ഗ്രന്ഥശാല & വായനശാലയുടെ നേതൃത്വത്തിലാണ് ശങ്കരിയമ്മയെ ആദരിച്ചത്.
ഓര്‍മ്മ വച്ച് കൈകാലുകള്‍ ഉറച്ച കാലഘട്ടം മുതല്‍ മാതാപിതാക്കളില്‍ നിന്നും പഠിച്ചെടുത്ത തഴപ്പായ് നിര്‍മ്മാണം പില്ക്കാലത്ത് തന്റേയും കൂടുംബത്തിന്റേയും ജീവിത മാര്‍ഗ്ഗമായി മാറി. ഏഴ് പതിറ്റാണ്ടിലധികം പിന്നിടുന്ന ഈ ജീവിത വൃതം നാല് മക്കളും കൊച്ചുമക്കളും അവരുടെ മക്കളും അടങ്ങുന്ന മൂന്നാം തലമുറ പിന്നിടുമ്പോഴും വര്‍ദ്ധക്യത്തിന്റെ എല്ലാ അലട്ടലുകളേയും അവഗണിച്ച് ഇന്നും ഈ കൈത്തൊഴില്‍ തുടരുന്നു.
ഇന്നത് ഏറെ അംഗീകാരത്തിനും വഴി മാറിയിരിക്കുന്നു. 1996-ല്‍ ജനകീയാസൂത്രണ പദ്ധതി വന്നപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന അഡ്വ. എം.എ ആസാദിന്റേയും ഇപ്പോഴുത്തെ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി. വിജയകുമാറിന്റേയും നേതൃത്വത്തില്‍ തഴവാ ഗ്രാമ പഞ്ചായത്ത് തയ്യാറാക്കിയ വികസന രേഖയുടെ മുഖച്ചിത്രത്തിനായി തന്റെ വീട്ടില്‍ വന്ന് എടുത്ത ചിത്രമാണ് ജീവിതത്തിലെ വഴിത്തിരിവായതെന്ന് ശങ്കരിയമ്മ പറഞ്ഞു. ശങ്കരിയമ്മ തഴപ്പായ് നിര്മ്മാണത്തിലേര്പ്പെട്ടിരിക്കുന്ന ചിത്രം പുറത്ത് വന്നതോടെ ഈ വയോധികയെത്തേടി പുറം നാടുകളില്‍ നിന്നും ആള്ക്കാര് എത്തി തുടങ്ങി.
പിന്നീടങ്ങോട്ട് തഴപ്പായ് നിര്‍മ്മാണവുമായി ബന്ധപെട്ട വാര്‍ത്തകളിലും പരസ്യങ്ങളിലും ഹൃസ്വ ചിത്രങ്ങളിലും ശങ്കരിയമ്മ താരമായി. എല്ലാ തൊഴില്‍ മേഖലയിലും നേരിടുന്ന സ്ത്രീ വിരുദ്ധ വെല്ലുവിളികള്‍ ഈ രംഗത്തും തനിയ്ക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും തഴപ്പായ് വ്യവസായ മേഖലയുടെ വസന്ത കാലവും വറുതിക്കാലവും ഒരു പോലെ ജീവിച്ച് തീര്‍ത്ത തനിയ്ക്കും കുടുംബത്തിനും അവസാന ശ്വാസം വരേയും തഴപ്പായ് നിര്മ്മാണമില്ലാത്ത ജീവിതമില്ലന്നും ശങ്കരിയമ്മ അഭിമാനത്തോടെ പറഞ്ഞു.
ലൈബ്രറി പ്രസിഡന്റ് അഡ്വ. എം.എ. ആസാദ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മുതിര്‍ന്ന ഭരണ സമിതി അംഗം സദാശിവന് പൊന്നാട അണിയിച്ച് ശങ്കരിയമ്മയെ ആദരിച്ചു. സെക്രട്ടറി പാവുമ്പാ സുനില്‍, അനില്‍ വാഴപ്പള്ളി എന്നിവര്‍ സന്നിഹിതരായിരുന്നു.


