ഫാക്ടിന്റെ എഞ്ചിനീറിങ്/ ഫാബ്രിക്കേഷന്‍ വിഭാഗമായ ഫാക്ട് എഞ്ചിനീറിങ് വര്‍ക്സിന്റെ (FEW) അടച്ചു പൂട്ടല്‍ ഒഴിവാക്കണം എന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ദിനേശ് കര്‍ത്ത ആവശ്യപ്പെട്ടു. ബിന്നി കമ്പനി മാനേജ്മെന്റ് കെടുകാര്യസ്ഥത അവസാനിപ്പിക്കണമെന്നും തൊഴിലാളികളെ മാനേജ്മെന്റിന്റെ അനാസ്ഥയുടെ ബലിയാടാക്കരുതെന്നും ഡോ. ദിനേശ് കര്‍ത്ത ആവശ്യപ്പെട്ടു.
1966 ല്‍ പ്രവര്‍ത്തനമാരംഭിച്ച FEW 1989 ലാണ് പള്ളുരുത്തിയിലെ ജിയോവനോള ബിന്നി കമ്പനി ഏറ്റെടുത്ത് അവിടേക്ക് ആസ്ഥാനം മാറ്റിയത്. ഹീറ്റ് എക്സ്ചേഞ്ചേര്സ്, പെന്‍സ്റ്റോക്ക് പൈപ്പുകള്‍, സ്റ്റോറേജ് ടാങ്കുകള്‍ തുടങ്ങി വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള പല ഉത്പന്നങ്ങളും ഉണ്ടാക്കുന്നതില്‍ കമ്പനി പ്രശസ്തമാണ്.
കൊച്ചിന് കപ്പല്‍ശാല, VSSC, BPCL, KWA എന്നിങ്ങനെയുള്ള വലിയ സ്ഥാപനങ്ങളുടെ പല കോണ്‍ട്രാക്ടുകളും ബിന്നി കമ്പനി കഴിഞ്ഞ കാലങ്ങളില്‍ നേടിയിട്ടുണ്ട്. പക്ഷെ അടുത്ത കാലത്തായി പുതിയ കോണ്ട്രാക്ടുകള് ഏറ്റെടുക്കാന്‍ മാനേജ്മെന്റ് പരാജയപ്പെടുന്നതായാണ് കാണുന്നത്. ഇതുമൂലം തൊഴിലാളികള്‍ക്ക് ജോലിയില്ലാത്ത അവസ്ഥ സംജാതമാവുകയാണ്.
നൂറ് കണക്കിന് തൊഴിലാളികള്‍ ഉണ്ടായിരുന്ന സ്ഥാപനത്തില്‍ ഇന്ന് ഇരുപത്തഞ്ചോളം തൊഴിലാളികളെ ഉള്ളു. നിലവില്‍ ഉള്ള തൊഴിലാളികള്‍ ജോലി നഷ്ടപ്പെടുമെന്ന ഭീതിയിലാണ്. ബിന്നി കമ്പനി മാനേജ്മെന്റ് കെടുകാര്യസ്ഥത അവസാനിപ്പിക്കണമെന്നും തൊഴിലാളികളെ മാനേജ്മെന്റിന്റെ അനാസ്ഥയുടെ ബലിയാടാക്കരുതെന്നും ഡോ. ദിനേശ് കര്‍ത്ത ആവശ്യപ്പെട്ടു.


