കാഞ്ഞിരപ്പള്ളി: ജന്മംനല്കിയ ഇരട്ടക്കുട്ടികളെ കണ്‍കുളിര്‍ക്കെ ഒന്നു കാണാന്‍ പോലും ഈ അമ്മയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അമ്മ ചൂടിന്റെ വാത്സല്യം അനുഭവിക്കാന്‍ ആ കുഞ്ഞുങ്ങള്‍ക്കും ഭാഗ്യം ലഭിച്ചില്ല. കൃഷ്ണപ്രിയയെന്ന ഈ അമ്മയ്ക്കും ആഴ്ചകള്‍ മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികള്‍ക്കും ഒന്നിക്കണമെങ്കില്‍ ഈ അമ്മ ആരോഗ്യം വീണ്ടെടുക്കണം. അതിന് ലക്ഷങ്ങളുടെ ചിലവുണ്ട്.
പ്രസവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ കൃഷ്ണപ്രിയ (24)യുടെ ജീവന് രക്ഷിക്കാനുള്ള ശ്രമത്തിലാണ് കുടുംബം. ഒന്നര ആഴ്ച മുന്‍പാണ് കൃഷ്ണപ്രിയയെ പ്രസവത്തിനായി മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജനുവരി 29-ന് സിസേറിയന് നടത്തി. ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്കി. പിന്നീടായിരുന്നു കൃഷ്ണപ്രിയയുടെ ആരേഗ്യാവസ്ഥ മോശമായത്. പിറ്റേന്ന് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ട് അബോധാവസ്ഥയിലാവുകയായിരുന്നു.
പിന്നീട് ഇതുവരെ കൃഷ്ണപ്രിയ സ്വബോധത്തിലേക്ക് തിരികെ വന്നിട്ടില്ല. ആലുവയില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ഗര്‍ഭപാത്രം എടുത്തു മാറ്റുന്നതുള്‍പ്പെടെയുള്ള ശസ്ത്രക്രിയകള്‍ നടത്തി. വയറ്റില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് രക്തസമ്മര്‍ദം കുറഞ്ഞ് സെപ്റ്റിക് ഷോക്ക് ഉണ്ടായതായും വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചതായും ഡോക്ടര്‍മാര്‍ പറയുന്നു. വെന്റിലേറ്ററില്‍ കഴിയുന്ന കൃഷ്ണപ്രിയയ്ക്ക് ഡയാലിസിസും നടത്തിവരുന്നു. ഇതുവരെ അഞ്ച് ലക്ഷം രൂപയിലധികം ചെലവായി.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബം മകളുടെ ചികിത്സയ്ക്കായി കഷ്ടപ്പെടുകയാണ്. തുടര്‍ ചികിത്സയ്ക്ക് 15 ലക്ഷം രൂപയോളം വേണം. ക്രഷറില്‍ ജോലിചെയ്തു വന്ന അച്ഛന് ഷാജിക്ക് ശ്വാസം മുട്ടല്‍ രൂക്ഷമായതിനെ തുടര്‍ന്ന് ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്. അമ്മ അനിത പശുവിനെ വളര്‍ത്തിയാണ് കുടുംബം പുലര്‍ത്തുന്നത്. സഹോദരന് അനന്തു പ്ലസ്ടു കഴിഞ്ഞ് നില്ക്കുന്നു.
കൃഷ്ണപ്രിയയുടെ ഭര്‍ത്താവ് പ്രവീണിന്റെ പേരില്‍ ആക്സിസ് ബാങ്ക് തൃക്കാക്കര ശാഖയിലെ അക്കൗണ്ട് നമ്പര്‍- 917010033895101. ഐ.എഫ്.എസ്. കോഡ് യു.ടി.ഐ.ബി. 0001161. ഗൂഗിള്‍പേ: 9947484408


