മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ ഓഫീസില്‍ തന്നെ അക്രമിച്ചതിന് പിന്നില്‍ ഗൂഡാലോചനയെന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കൗണ്‍സിലര്‍ പ്രമീള ഗിരീഷ് കുമാര്‍. സംഭവത്തില്‍ മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ ഗൂഡാലോചന നടന്നു. തനിക്ക് നേരെ ഉണ്ടായ അക്രമത്തിന് പിന്നില്‍ നടന്ന ഗൂഡാലോചന അന്വേഷിക്കണമെന്നും പ്രമീള ആവശ്യപ്പെട്ടു. ആശുപത്രിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രമീള ഗിരീഷ്കുമാര്‍ നഗരസഭയ്ക്കെതിരെ വെട്ടി തുറന്ന് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു.
മുമ്പും ഫോണിലൂടെയും വീട്ടിലെത്തിയും ഒരു വിഭാഗം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഭീഷണി മുഴക്കിയിരുന്നു. ഫോണ്‍ സന്ദേശത്തിലൂടെ ഭീഷണി മുഴക്കിയതിന് തന്റെ പക്കല്‍ തെളിവുണ്ട്. തന്നെ ആക്രമിച്ച രണ്ട് വനിത കൗണ്‍സിലര്‍മാര്‍ക്ക് സംരക്ഷണം ഒരുക്കിയത് സ്റ്റാന്റിംങ് കമ്മിറ്റി ചെയര്മാനാനാണെന്നും പ്രമീള പറഞ്ഞു.
അവിശ്വാസത്തില്‍ നിന്നും പിന്മാറാന് വ്യവസായിയായ കൗണ്‍സിലര്‍ പണം വാഗ്ദാനം ചെയ്തു. ഇത് നിരസിച്ചു. തന്നെ ആക്രമിച്ച കൗണ്‍സിലര്‍മാരെ സ്വകാര്യ ആശുപത്രി ചികിത്സയുടെ മറവില്‍ സംരക്ഷിക്കുകയാണന്നും പ്രമീള ഗിരീഷ് കുമാര്‍ പറഞ്ഞു.
പ്രമീളയുടെ വാക്കുകള്‍ ഇങ്ങനെ:
തനിക്ക് നേരെ നടന്ന ആക്രമണത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതിന് പിന്നില്‍ വികസനകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്മാന് അജിമുണ്ടാട്ടാണന്നും ഇയാളെ കൂടി പ്രതിചേര്‍ക്കണമെന്നും ആശുപത്രിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രമീള ആവശ്യപ്പെട്ടു. ആശുപത്രിയില്‍ എത്തിയ പോലീസ് സംഘത്തോട് ഇതടക്കം എല്ലാ കാര്യങ്ങളും മൊഴിയായി നല്‍കിയിട്ടുണ്ട്. അടച്ചിട്ട മുറിയില്‍ തന്നെ ആക്രമിച്ച മുനിസിപ്പല്‍ വൈസ് ചെയര്‍പഴ്സണ്‍ സിനി ബിജു, കൗണ്‍സിലര്‍ ജോയിസ് മേരി ആന്റണി എന്നിവര്‍ക്കെതിരെ വധ ശ്രമം അടക്കമുളള വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്തിട്ടുണ്ട്.
എന്നാല്‍ അറസ്റ്റ് ഒഴിവാക്കുന്നതിനും ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം തേടുന്നതിനും സഹായകരമായ രീതിയിലുളള നിലപാടാണ് ഇവര്‍ കഴിഞ്ഞ് വരുന്ന സ്വകാര്യ ആശുപത്രി അധികൃതര്‍ സ്വീകരിക്കുന്നതെന്നും പ്രമീള ആരോപിച്ചു. അക്രമം നടത്തിയതിന് ശേഷം ആശുപത്രിയില്‍ അഭയം തേടിയവരെ ഒരു ചികിത്സയും വേണ്ടെന്നിരിക്കെ അഡ്മിറ്റ് ചെയ്ത് സംരക്ഷിക്കുക ആണെന്നും ഇവര്‍ പറഞ്ഞു.
മുമ്പും ഫോണിലൂടെയും വീട്ടിലെത്തിയും ഒരു വിഭാഗം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഭീഷണി മുഴക്കിയിരുന്നു. ഈ സംഘത്തിലും ഇവര്‍ ഉണ്ടായിരുന്നു. ഫോണ്‍ സന്ദേശത്തിലൂടെ ഭീഷണി മുഴക്കിയതിന് തന്റെ പക്കല്‍ തെളിവുണ്ട്. തന്നെ ആക്രമിച്ച 2 വനിത കൗണ്‍സിലര്‍മാര്‍ക്ക് സംരക്ഷണം ഒരുക്കിയത് സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാനാണ്. ഒന്നര വര്‍ഷമായി നഗരസഭാ ചെയര്‍മാനും സ്ഥിരം സമിതി അധ്യക്ഷനും തന്നെ നിരന്തരം അപമാനിക്കുകയും മോശമായി ചിത്രീകരിക്കും ചെയ്തു വരുന്നു. ഏറ്റവും ഒടുവില്‍ ബി.ജ.പി. പിന്തുണയോടെ വിജയിച്ച് യു.ഡി.എഫിന്റെ സഹായത്തോടെ ഉപസമിതി അധ്യക്ഷയായ കൗണ്‍സിലര്‍ക്കെതിരെ അവിശ്വാസം പ്രമേയം കൊണ്ടു വന്നതാണ് ആക്രമണത്തിന് കാരണമായത്.
സംഭവ ദിവസം നടന്നത്:
സംഭവ ദിവസം വാര്‍ഡിലെ ഒരു കുടുംബത്തിന് ലൈഫ് ഭവനം ലഭിക്കുന്നതിന്റെ പേപ്പര്‍ ഭാഗങ്ങള്‍ ശരിയാക്കുന്നതിനാണ് മുനിസിപ്പല്‍ ഓഫീസില്‍ എത്തിയത്. ഈ വിഭാഗത്തിന്റെ ഓഫീസില്‍ ഇരുന്ന് അപേക്ഷ തയാറാക്കുന്നതിനിടെ പല പ്രാവശ്യം ഇതിന് മുന്നിലൂടെ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്മാന് നടക്കുന്നുണ്ടായിരുന്നു. ഈ സമയം മൂന്ന് ജീവനക്കാരും മുറിയിലുണ്ടായിരുന്നു. ഇതിനിടെ ഒരാള്‍ സെക്രട്ടറി വിളിക്കുന്നുവെന്ന് പറഞ്ഞ് പുറത്തേക്ക് പോയി. പിന്നാലെ മറ്റൊരാളും. ഒരാള്‍ കൂടി അടുത്തുണ്ടെന്ന ദൈര്യത്തില്‍ അപേക്ഷ എഴുത്ത് തുടരുന്നതിന് ഇടയില്‍ വാതില്‍ കുറ്റി ഇടുന്ന ശബ്ദം കേട്ട് നോക്കുമ്പോള്‍ മൂന്നാമത്തെ ജീവനക്കാരിയെയും കാണാതാവുക ആയിരുന്നു.
ഈ സമയം മുറിയില്‍ കടന്ന ജോയ്സ് മുഖത്ത് അടിച്ചതോടെ നിലത്ത് വീണു. വീണുപോയ തന്റെ നെഞ്ചില്‍ കാല്‍മുട്ട് അമര്‍ത്തിയ ശേഷം ക്രൂരമായി മര്‍ദിച്ചു. മുടി മുറിക്കാനുളള ശ്രമം തടഞ്ഞപ്പോള്‍ കത്രിക ഉപയോഗിച്ച് നെഞ്ചിന് കുത്തി. തടയാന്‍ ശ്രമിച്ചപ്പോഴാണ് കൈവിരലിന് മുറിവേറ്റത്. സംഭവ സ്ഥലത്ത് നിന്ന് രക്തം പുരണ്ട കത്രിക കണ്ടെടുത്തിട്ടുണ്ടന്ന് പോലീസ് പറഞ്ഞതായും പ്രമീള വ്യക്തമാക്കി.
ഗൂഢാലോചന അന്വേഷിക്കണമെന്നും സംഭവത്തിന് ഉത്തരവാദികളായ മുഴുവന്‍ പേര്‍ക്കും എതിരെ കേസ് എടുക്കണമെന്നും പ്രമീള അവശ്യപ്പെട്ടു.
ദിവസങ്ങളായി ചികിത്സയില്‍ കഴിയുന്ന തന്നെ ഇതുവരെ കോണ്‍ഗ്രസ് നേതാക്കളോ സഹപ്രവര്‍ത്തകരോ സന്ദര്‍ശിക്കാത്തത് ഗൂഢാലോചനയുടെ തെളിവാണന്നും താനിപ്പോഴും കോണ്ഗ്രസുകാരിയാണന്നും പ്രമീള പറഞ്ഞു.


