കോതമംഗലം: കോവിഡ് മഹാമാരിയുടെ പ്രതിസന്ധി കാലത്ത് സാമൂഹ്യ സേവന പ്രവര്‍ത്തനം നടത്തുന്ന സുമനസുകളായ വ്യക്തികളെയും, സംഘടനകളെയും നാം കണ്ടു. എന്നാല്‍ അവരില്‍ നിന്ന് വ്യത്യസ്തമായി സാമൂഹിക സേവനം ചെയ്യുന്ന ഒരു യുവ വ്യാപാരിയുണ്ട് കോതമംഗലം പിണ്ടിമനയില്‍. രണ്ട് മാസക്കാലം കൊണ്ട് തന്റെ ചുറ്റുപാടുമുള്ള വ്യാപാരി സുഹൃത്തുക്കളെ കോവിഡ് വാക്സിന് സ്ലോട്ടുകള്‍ ബുക്ക് ചെയ്യാന്‍ സഹായിക്കുകയാണ് അനൂപ് ശ്രീധരന് എന്ന വ്യാപാരി.
താന്‍ വ്യാപാരം ചെയുന്ന പിണ്ടിമന പഞ്ചായത്തിലെ വ്യാപാരികളെ കൂടാതെ സമീപ പഞ്ചായത്തുകളായ കോട്ടപ്പടി, കീരമ്പാറ, തുടങ്ങി കേരളത്തിലെ പല സ്ഥലങ്ങളിലുമുള്ള കച്ചവടക്കാര്‍ക്ക് കേരള ഗവണ്മെന്റിന്റെ covid19.kerala.gov.in/vaccine/ എന്ന വെബ് പോര്‍ടെല്‍ വഴി കോവിഡ് വാക്സിന് സ്ലോട്ടുകള്‍ ബുക്ക് ചെയ്ത് വാക്സിനേഷന് കിട്ടുവാന്‍ സഹായിക്കുകയാണ് പിണ്ടിമന ചിറ്റേക്കാട്ട് കാവുംപടിയില്‍ ലക്ഷ്മി ട്രെഡേഴ്സ് എന്ന വ്യാപാര സ്ഥാപനം നടത്തുന്ന അനൂപ്.
ഇദ്ദേഹത്തിന്റെ സ്മാര്‍ട്ട് ഫോണ്‍ വഴി കഴിഞ്ഞ രണ്ടു മാസക്കാലമായി എഴുപതില്പരം വ്യാപാര സ്ഥാപനങ്ങളിലെ ഇരുനൂറില്പരം വ്യാപാരികളെയും, അവരുടെ കുടുംബങ്ങള്‍ക്കും വാക്സിന് ബുക്ക് ചെയ്തു നല്കി. ഗവണ്മെന്റ് പോര്‍ട്ടലിലെ ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്സ് എന്ന സെക്ഷനില്‍ കച്ചവട സ്ഥാപനത്തിന്റെ ലൈസന്‍സ് നല്കി സ്ഥാപനം രജിസ്റ്റര്‍ ചെയ്ത് വാക്സിന് ബുക്കിങ് പ്രക്രിയ എളുപ്പമാക്കുകയാണിദ്ദേഹം.
ഇങ്ങനെ രജിസ്റ്റര്‍ ചെയ്തു നല്‍കുക മാത്രമല്ല ക്രത്യമായി അവര്‍ വാക്സിനേഷന് സെന്ററില്‍ എത്തി വാക്സിന് എടുക്കുന്നുണ്ടോ എന്നും അനൂപ് പരിശോധിക്കുകയും ചെയ്യും. ഇതിനു പുറമെ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തു സൗജന്യമായി അവരുടെ വാട്സ്ആപ്പ് നമ്പറില്‍ അയച്ച് നല്‍കും. സ്മാര്‍ട്ട്ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവ ഉപയോഗിക്കുന്ന യുവ തലമുറ അവരുടെ ചുറ്റുപാടുമുള്ള കുറെ പേര്‍ക്കെങ്കിലും താന്‍ ചെയ്യുന്നതുപോലെ വാക്സിന് ബുക്ക് ചെയ്തു നല്കി അവരെ വാക്സിന് എടുപ്പിക്കാന്‍ സഹായിച്ചാല്‍ ഈ മഹാമാരി പടര്‍ന്നു പിടിക്കുന്നത് തടയാനാകുമെന്ന് അനൂപ് പറയുന്നു.
പിണ്ടിമന പഞ്ചായത്തിലെ ഏഴാം വാര്‍ഡ് നിവാസിയായ അനൂപ് സാമൂഹിക സംസ്കാരിക മേഖലകളില്‍ പ്രതിഫലേച്ച കൂടാതെ പ്രവര്‍ത്തിക്കുന്ന വ്യക്തികൂടിയാണ്. കൊറോണ ആരംഭിച്ച കഴിഞ്ഞ വര്‍ഷം മുതല്‍ സൗജന്യമായി ആയിരത്തില്‍ പരം മാസ്കുകള്‍ നല്‍കുകയും തന്റെ കച്ചവടപരമായി പോകുന്ന ഇടങ്ങളിലെല്ലാം എല്ലാവരേയും മാസ്ക് ധരിപ്പിക്കുവാനും, കച്ചവട സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കച്ചവടം നടത്തുവാനുള്ള നിര്‍ദ്ദേശങ്ങളുമെല്ലാം അനൂപ് നല്കി വരുന്നു.
റിപ്പോര്‍ട്ടര്‍: ഷെമീര്‍ പെരുമറ്റം