മൂവാറ്റുപുഴ: ലഹരിക്കെതിരെ ജനകീയ മുന്നേറ്റമൊരുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ ഭവന സന്ദര്‍ശനം ശ്രദ്ധേയമായി. സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരി വര്‍ജന മിഷന്റെ നേതൃത്വത്തില്‍ മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ മണിയന്തടം കോളനിയിലാണ് ലഹരിക്കെതിരെ ജനകീയ പരിശോധനയും ഭവന സന്ദര്‍ശനവും നടത്തിയത്.
സ്ത്രീകളടക്കമുള്ളവരുടെ പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി. ജില്ലാ പട്ടികജാതി വികസന വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ പരിപാടിയുടെ ഭാഗമായി കോളനിയിലെ ടൂറിസ്റ്റ് കേന്ദ്രമായ രസതന്ത്രം പാറയില്‍ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3.30 മുതല്‍ വിവിധ പരിപാടികള്‍ നടന്നു. മഞ്ഞള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മധ്യമേഖലാ എക്സൈസ് ജോ. കമ്മീഷണര്‍ പി.കെ സനു മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു.
മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ 5, 6 വാര്ഡുകളുള്പ്പടുന്ന മണിയന്തടം കോളനിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും എക്സൈസ് ജോ. കമ്മീഷണര്‍ പി.കെ സനുവിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും സംയുക്തമായി ജനകീയ പരിശോധനയും ഭവന സന്ദര്‍ശനവും നടത്തിയത്.
ലഹരി വിരുദ്ധ സന്ദേശമടങ്ങിയ ലഘുലേഖയും ലഹരി മാഫിയയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയിക്കുന്നതിനുള്ള ഫോണ്‍ നമ്പറുകളും വീടുകളില്‍ വിതരണം ചെയ്തു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഗാന്ധി ജയന്തിയോടനുബന്ധിച്ച് പട്ടികജാതി വകുപ്പും വിമുക്തി മിഷനും വിവിധ പരിപാടികള്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി കഴിഞ്ഞ 21 ന് മണിയന്തടം കോളനിയില്‍ വിമുക്തി മിഷനും പട്ടികജാതി വികസന വകുപ്പും ജനകീയ മുഖാമുഖം നടത്തിയിരുന്നു. ഇതിലെ നിര്‍ദേശങ്ങളുടെ തുടര്‍ച്ചയായാണ് പ്രദേശത്തെ ടൂറിസം മേഖലയായ രസതന്ത്രം പാറ കേന്ദ്രീകരിച്ച് ജനകീയ പരിശോധനയും ഭവന സന്ദര്‍ശനവും നടന്നത്. പരിപാടികള്‍ക്ക് എസ്.സി കോര്‍ഡിനേറ്റര്‍ അഖില്‍ ദേവ്, സി.ഡി.എസ് മെമ്പര്‍ സുധ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി തന്നിട്ടമാക്കല്‍, ബ്ലോക്ക് പഞ്ചായത്തംഗം ജോസിജോളി, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് രതീഷ് മോഹന്‍, ഗ്രാമപഞ്ചായത്തംഗം സെലിന് ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിമുക്തി മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എ. ഫൈസല്‍ സ്വാഗതവും പട്ടികജാതി വികസന വകുപ്പ് സീനിയര്‍ ക്ലര്‍ക്ക് ശ്രീനാഥ് ശ്രീധരന് നന്ദിയും പറഞ്ഞു.


