മൂവാറ്റുപുഴ: മാലിന്യ മുക്ത നവ കേരളം പദ്ധതിയുടെ ഭാഗമയി മുവാറ്റുപുഴ നഗരസഭ പച്ചതുരുത്തു നിര്‍മാണം തുടങ്ങി. നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു ലക്ഷം രൂപ ചിലവില്‍ ആണ് ഇ.ഇ.സി. മാര്‍ക്കറ്റ് റോഡില്‍ പച്ച തുരുത്തു നിര്‍മിക്കുന്നത്. 250 മീറ്റര്‍ നീളത്തില്‍ ഗോള്‍ഡന്‍ ബാമ്പു ഇനത്തില്‍ ഉള്‍പെട്ട മുളയാണ് വച്ച് പിടിപ്പിക്കുന്നത്. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭയില്‍ നേരത്തെ സ്നേഹാരാമത്തിന് തുടക്കം കുറിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പച്ച തുരുത്ത് പദ്ധതിയെന്ന് നനഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് അറിയിച്ചു.
നഗരത്തെ മാലിന്യ മുക്ത മാക്കുന്നതിനും സൗന്ദര്യ വത്ക്കു രണത്തിനുമായാണ് പൊതുജന പങ്കാളിത്തത്തോടെ പദ്ധതികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. നഗരത്തില്‍ മാലിന്യം വലിച്ചെറിയുന്ന ഇടങ്ങള്‍ വൃത്തിയാക്കി പൂച്ചെടികള്‍ വച്ചുപിടിപ്പിച്ച് ഉദ്യാനങ്ങളാക്കി മാറ്റി പരിപാലിക്കുകയാണ് ലക്ഷ്യം. ഇതിനു പുറമേ നഗര സൗന്ദര്യ വത്ക്കരണത്തിന്റെ ഭാഗമായി വിവിധ ഇടങ്ങളില്‍ ബോള്‍ അരിലിയ, ഡ്രൈ സീനിയ, എക്സോഗാരിയ, ക്രോട്ടണ്‍, കൊങ്ങിണി, അഗളോണിമ, ചെത്തി, മിനിയേച്ചര്‍ ചെത്തി, മഞ്ഞ കോളാമ്പി തുടങ്ങിയ പൂ ചെടികളാകും നട്ട് വരുന്നു. ജനകീയ പിന്തുണയോടെ നഗരത്തെ മാലിന്യ മുക്തമാക്കുന്നതിനോടൊപ്പം മനോഹരമാക്കുക എന്ന ലക്ഷ്യവും പദ്ധതി നടപ്പാക്കുന്നതിന് പിന്നിലുണ്ട്.
പച്ചതുരുത്ത് പദ്ധതിയുടെ നടീല്‍ ഉദ്ഘാടനം നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് നിര്‍വഹിച്ചു. വൈസ് ചെയര്‍പഴ്സണ്‍ സിനി ബിജു, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് പി.എം. അബ്ദുള്‍ സലാം, കൗണ്‍സിലര്‍മാരായ വി.എ. ജാഫര്‍ സാദിഖ്, പി.വി. രാധാകൃഷ്ണന്, പി.എം. സലിം, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ എ. നൗഷാദ്, എച്.ഐ. മാരായ സുഷ ജോര്‍ജ്, സുധീഷ് സുകുമാരന്‍, കിരണ്‍ തോമസ്, അന്ന മഞ്ജുള എന്നിവര്‍ സംബന്ധിച്ചു. വേള്‍ഡ് ഓഫ് ബാമ്പു വയനാട് എന്ന സ്ഥാപനത്തിനാണ് നിര്‍മാണ ചുമതല.