തൃശൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ അന്‍പതാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി കാഴ്ച പരിമിതനായ യുവാവിന് വീടു വച്ചു നല്കി യൂത്ത് കോണ്‍ഗ്രസ്. തൃശൂര്‍ വലപ്പാട്ട് പഞ്ചായത്തിലെ കാഴ്ച പരിമിതനായ സന്തോഷിനും കുടുംബത്തിനുമാണ് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വീട് വെച്ചു നല്‍കുന്നത്. വീടിന്റെ കട്ടളവയ്പ്പ് കര്‍മ്മം യൂത്ത് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍ ഉദ്ഘാടനം ചെയ്തു.
വലപ്പാട് സ്വദേശിയായ സന്തോഷിന് പ്രമേഹത്തെ തുടര്‍ന്നു അസുഖ ബാധിതനായി ക്രമേണ കാഴ്ച നഷ്ടപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നു ജോലി ചെയ്യാനാവാതെ, അസുഖ ബാധിതനായ ഇദ്ദേഹവും കുടുംബവും കഷ്ടപ്പെടുകയായിരുന്നു. അമ്മയും, ഭാര്യയും രണ്ടു പെണ്‍കുട്ടികളും അടങ്ങുന്ന സന്തോഷിന്റെ കുടുംബം കഴിഞ്ഞിരുന്നത് വലപ്പാട് തന്നെ ഒരു ചെറു കുടിലിലായിരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവിടെ എത്തിയപ്പോഴാണ് ഈ കുടുംബത്തിന്റെ ദുരിതം കണ്ടറിഞ്ഞത്. തുടര്‍ന്നു, യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അന്‍പതാം നിയമസഭാ പ്രവേശന ആഘോഷത്തിന്റെ ഭാഗമായി സന്തോഷിന് സന്തോഷ് ഭവനം നിര്‍മ്മിച്ചു നല്കാന് തീരുമാനിക്കുകയായിരുന്നു.
സംസ്ഥാനത്ത് ഇതുവരെ 15 വീടുകളാണ് യൂത്ത് കോണ്‍ഗ്രസ് മുന്‍കൈ എടുത്ത് നിര്‍മ്മിച്ചു നല്‍കിയതെന്നു ചാണ്ടി ഉമ്മന്‍ പറഞ്ഞു. രാഷ്ട്രീയമോ മതമോ ജാതിയോ നോക്കിയല്ല യൂത്ത് കോണ്‍ഗ്രസ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്. യൂത്ത് കോണ്‍ഗ്രസ് നിര്‍മ്മിക്കുന്ന വീടുകള്‍ എല്ലാം അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ തന്നെ എത്തുമെന്ന് ഉറപ്പാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുബിന്, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി സുമേഷ്, പ്രദേശത്തെ കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.


