പെരുമ്പാവൂര്‍: മണ്ണൂര്‍ പോഞ്ഞാശ്ശേരി റോഡില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തി. പൊതുമരാമത്ത് വകുപ്പ്, വാട്ടര്‍ അതോറിറ്റി, ബിഎസ്എന്‍എല്‍ എന്നീവിഭാഗങ്ങളാണ് സംയുക്ത പരിശോധന നടത്തിയത്. ഇവിടെ തര്‍ക്കം മൂലം പണികള്‍ നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. വാട്ടര്‍ അതോറിറ്റി, ബിഎസ്എന്‍എല്‍ എന്നിവയുടെ കേബിളുകളും പൈപ്പ് ലൈനുകളും മാറ്റി സ്ഥാപിക്കും. ഇവ മാറ്റി സ്ഥാപിച്ചാല്‍ മാത്രമാണ് കല്ല് പൊട്ടിക്കുന്ന പ്രവൃത്തി പുനരാരംഭിക്കുവാന്‍ സാധിക്കുകയുള്ളു.
മറ്റു പ്രവര്‍ത്തികള്‍ ഇതോടൊപ്പം പുരോഗമിക്കുകയാണെന്ന് എം.എല്‍.എ പറഞ്ഞു. മൂന്നര കിലോമീറ്റര്‍ ദൂരത്തില്‍ ജി.എസ്.ബി മിശ്രിതം ഇട്ട് ബലപ്പെടുത്തുന്ന പ്രവര്‍ത്തി പൂര്‍ത്തിയായി. ആകെ 6.500 കിലോമീറ്റര്‍ ദൂരത്തില്‍ ആണ് ജി.എസ്.ബി മിശ്രിതം വിരിക്കുന്നത്. വളയന്‍ചിറങ്ങര മുതല്‍ വാരിക്കാട് വരെയുള്ള ഭാഗത്തെ മണ്ണ് നീക്കം ചെയ്തു. ഇവിടെ 20 സെന്റിമീറ്റര്‍ വീതം കനത്തില്‍ ജി.എസ്.ബി മിശ്രിതവും വെറ്റ് മിക്സ് മെക്കാടവും വിരിച്ചു റോഡ് ഉയര്‍ത്തി റോഡ് ബലപ്പെടുത്തും. തുടര്‍ന്ന് 2 തലത്തിലുള്ള ടാറിംഗ് പൂര്‍ത്തിയാക്കും.
8 കലുങ്കുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. പദ്ധതിയില്‍ ആദ്യം ഉണ്ടായിരുന്ന കലുങ്കുകള്‍ക്ക് പുറമെ 4 ചെറിയ കലുങ്കുകള്‍ കൂടി നിര്‍മ്മിക്കേണ്ടി വരും. ഇതില്‍ 3 എണ്ണം മണ്ണൂര്‍ ജംഗ്ഷനില്‍ ആണ് നിര്‍മ്മിക്കുന്നത്. വളയന്‍ചിറങ്ങര ഭാഗത്തെ ഡ്രെയിനേജിന്റെ നിര്‍മ്മാണം ഇപ്പോള്‍ പുരോഗമിക്കുകയാണ്. വളയന്‍ചിറങ്ങര ഐടിഐ യോട് ചേര്‍ന്നുള്ള കലുങ്കിലേക്ക് ഇത് ചേര്‍ക്കും. എത്രയും വേഗത്തില്‍ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് എംഎല്‍എ അറിയിച്ചു.


