പത്തനംതിട്ട ചിറ്റാറില്‍ വനം വകുപ്പ് കസ്റ്റഡിയില്‍ മരിച്ച മത്തായിയുടെ റീ പോസ്റ്റുമോര്‍ട്ടം ഇന്ന്. മൃതദേഹം റീ-പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത് നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ റീ പോസ്റ്റുമോര്‍ട്ടം നടത്തിയ അതേ സംഘമാണ്. സിബിഐയുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരമാണ് അതേ മൂവര്‍സംഘത്തെ തന്നെ മത്തായിയുടെ റീപോസ്റ്റുമോര്‍ട്ടത്തിനും സര്‍ക്കാര്‍ നിയോഗിച്ചത്.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് നല്കുന്ന മൃതദേഹം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. തുടര്‍ന്ന് നാളെ 3.30ന് കുടപ്പനക്കുളം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ ശവസംസ്കാരം നടക്കും.
മത്തായിയുടെ മരണത്തില്‍ ആരോപണ വിധേയരായ വനപാലകരെ അറസ്റ്റ് ചെയ്യുന്നതുവരെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടെടുത്ത കുടുംബം, കേസ് സിബിഐ ഏറ്റെടുത്തതിന് പിന്നാലെയാണ് മൃതദേഹം സംസ്കരിക്കാന്‍ തയാറായത്. കേസ് സിബിഐക്ക് വിടുമ്പോള്‍ സുപ്രിം കോടതി മൃതദേഹം സംസ്കരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.


