എറണാകുളം: പെണ്ണെഴുത്ത് പദ്ധതിയില്‍ ജില്ലയിലെ ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസക്കാരായ വനിതകളുടെ രചനകള്‍ ക്ഷണിച്ച് എറണാകുളം ജില്ലാ പഞ്ചായത്ത്. കവിതാ രചനയില്‍ പ്രാവീണ്യം നേടിയിട്ടില്ലാത്തവരും അറിയപ്പെടാത്തവരുമായ ഗ്രാമീണ സ്ത്രീകളുടെ രചനകള്‍ വെളിച്ചത്ത് കൊണ്ടു വരിക എന്നതാണ് ജില്ലാ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഏറ്റെടുത്തിരിക്കുന്ന പെണ്ണെഴുത്ത് എന്ന പദ്ധതിയുടെ ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.
പദ്ധതിയിലേയ്ക്ക് എറണാകുളം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ താമസക്കാരായ വനിതകളില്‍ നിന്നും രചനകള്‍ ക്ഷണിക്കുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍, എസ്.സി./ എസ്.റ്റി. വിഭാഗക്കാര്‍, ഭിന്ന ശേഷിക്കാര്‍, വിധവകള്‍, തുടങ്ങി പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗക്കാരുടെ രചനകള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതാണ്. ജില്ലയിലെ സ്ഥിര താമസക്കാരായ 15 വയസ്സിനു മേല്‍ പ്രായമുളള വനിതകളില്‍ നിന്നുമാണ് കവിതകള്‍ ക്ഷണിക്കുന്നത്.
കവിതകള്‍ ഒരു പേജില്‍ കവിയരുത്. വെളളക്കടലാസില്‍ എഴുതിയോ ടൈപ്പ് ചെയ്തോ നല്‍കാം.രചനയോടൊപ്പം രചയിതാവിന്റെ പേര്, വിലാസം, തദ്ദേശസ്വയംഭരണ സ്ഥാപനം, വയസ്, ജനന തീയതി, തൊഴില്‍, ഫോണ്‍ നമ്പര്‍, ആധാര്‍/ ഇലക്ഷന് ഐ.ഡി. കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ, രചന പ്രസിദ്ധീകരിക്കുന്നതിനുളള സമ്മതപത്രം, എന്നിവ സഹിതം 2021 നവംബര്‍ 15നു മുന്‍പായി എറണാകുളം ജില്ലാ പഞ്ചായത്തിലോ ജില്ലാ വനിതാ ശിശു വികസന ഓഫീസിലോ ലഭ്യമാക്കേണ്ടതാണ്.
വിശദാംശങ്ങള്‍ക്ക്:
04842425205, 9447890661, 9846320806, 9446382707, 9072179694 എന്നീ നമ്പറുകളിലോ ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളേയോ ബന്ധപ്പെടാവുന്നതാണ്.