മൂവാറ്റുപുഴ: കോവിഡ് കാലത്ത് സാമൂഹിക അകലവും മാസ്കും സുരക്ഷാ കവചങ്ങളാക്കി ജനങ്ങള്‍ അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രം പുറത്തിറങ്ങുകയും കഴിവതും വീടുകളില്‍ തന്നെ ഒതുങ്ങി കൂടാനുമാണ് ശ്രമിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും ഇനിയൊരു ലോക്ഡൗണ്‍ പൊതുജനത്തിനും സര്‍ക്കാരിനും താങ്ങാനാവില്ല എന്ന വസ്തുത തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനവും ജീവിത ശൈലിയുമായി എല്ലാവരും പൊരുത്തപ്പെട്ടുകഴിഞ്ഞു. ഈ സാഹചര്യത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് എത്തുന്നത്.
കോവിഡ് കാലത്ത് എത്തിയ തെരഞ്ഞെടുപ്പും പരിമിതികള്‍ മറികടന്ന് സോഷ്യല്‍ മീഡിയ വഴിയും മറ്റും ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് മൂവാറ്റുപുഴയിലെ ഒരു കൂട്ടം ഗായകര്‍. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ആരവമുയര്‍ന്നതോടെ കോവിഡ് മഹാമാരിയെ തുടര്‍ന്ന് പരിപാടികളൊന്നുമില്ലാതെ വീട്ടില്‍ ഇരുന്ന കലാകാരന്മാര് തെരഞ്ഞെടുപ്പ് ഗാനങ്ങള്‍ ചിട്ടപെടുത്തുന്നതിന്റെ തിരക്കിലാണ്. പാട്ടുകള്‍ റെഡിയായി. പാട്ടുകളില്‍ സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം, വാര്‍ഡ് എന്നിവ ചേര്‍ത്താല്‍ മാത്രം മതി. പിന്നെ ഏത് ഈണത്തില്‍ വേണമെന്ന ആവശ്യവും. ഇവിടെ പാട്ടുകാരും സ്റ്റുഡിയോയും റെഡിയായി കഴിഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനു കൊഴുപ്പേകാന്‍ പ്രചാരണ ഗാനങ്ങള്‍ അനിവാര്യമായ കാലഘട്ടത്തില്‍ തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് പ്രചാരണം ഗായകരുടെ അതിജീവനത്തിനുള്ള പ്രതീക്ഷ കൂടിയാണ്. ചുവരെഴുത്തുകള്‍ക്കും ഫ്ലെക്സ് ബോര്‍ഡുകള്‍ക്കും പുറമേ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ആവേശം വര്‍ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നതാണ് പ്രചാരണ ഗാനങ്ങള്‍. തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പാണ് ഇത്തരത്തിലുള്ള കലാകാരന്മാര്ക്ക് കൊയ്ത്തുകാലം. തെരഞ്ഞെടുപ്പ് പ്രഖ്യാപനവും സ്ഥാനാര്‍ത്ഥി നിര്‍ണയവും പൂര്‍ത്തിയായില്ലങ്കിലും നിരവധി പേര് പാട്ടിനു വേണ്ടി എത്തി കഴിഞ്ഞുവെന്ന് ഈ രംഗത്തെ പ്രശസ്തരായ ഉസ്മാന് മൂവാറ്റുപുഴ, എം.എസ്.സഹീര്‍, മാഹിന്‍, എന്നിവര്‍ പറഞ്ഞു.
ഇവരില്‍ ഭരണ പ്രതിപക്ഷ കക്ഷികളുടെ സ്ഥാനാര്‍ത്ഥികളും സ്വതന്ത്രന്മാരുമുണ്ട്. ഭരണ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി ഭരണപക്ഷത്തിനായി പാട്ട് തയാറാക്കുമ്പോള്‍ ഭരണത്തിലെ അഴിമതിയുമൊക്കെ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷത്തിനായി പാട്ടുകള്‍ രചിക്കുന്നത്. സമകാലിക വിഷയങ്ങളും പാട്ടുകളില്‍ പ്രതിപാദിക്കും. ഓരോരുത്തര്‍ക്കും അഞ്ചും ആറും ഗാനങ്ങള്‍ വേണം. ആരെത്തിയാലും അവരുടെ ആവശ്യം കണ്ടറിഞ്ഞ് ഗാനങ്ങള്‍ ചിട്ടപെടുത്തി നല്‍കുന്നതാണ് രീതി.
പ്രശസ്തമായ മാപ്പിള പാട്ടുകളുടെ ഈണങ്ങളാലുള്ള തെരഞ്ഞെടുപ്പ് പാട്ടുകള്‍ക്കാണ് ഡിമാന്റ് ഏറെ. പഴയകാല ഹിറ്റ് സിനിമാ ഗാനങ്ങളുടെയും കോല്‍കളി പാട്ടുകളുടെയും ക്രിസ്തീയ ഭക്തിഗാനങ്ങളുടെ ഈണങ്ങള്‍ ആവശ്യപ്പെടുന്നവരും ഉണ്ട്. ഓരൊരുത്തരുടെയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പാട്ടുകള്‍ ചിട്ടപ്പെടുത്തുന്ന തിരക്കിലാണിവര്‍.