മൂവാറ്റുപുഴ: കുടിവെള്ളം കിട്ടാതെ മാസങ്ങളായി ജനങ്ങള്‍ ദുരിതത്തിലായ കിഴക്കേകരയിലെ കുടിവെള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം. പ്രശ്ന പരിഹാരം ആവശ്യപെട്ട് ജനപ്രതിനിതികള്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നല്കി. ഇതിന് തൊട്ടു പിന്നാലൈ അര്‍ബന്‍ ജല്‍ ജീവന് മിഷന് പദ്ധതിയില്‍ പെടുത്തി കുടിവെള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്ന് മന്ത്രി ഉറപ്പ് നല്കി.
മൂവാറ്റുപുഴ നഗഗരസഭയിലെ കിഴക്കേകരയിലെ കുടിവെള്ള പ്രശ്നം ചൂണ്ടികാട്ടിയാണ് ജനപ്രതിനിതികള്‍ മന്ത്രിക്ക് പരാതി നല്‍കിയത്. മൂവാറ്റുപുഴയില്‍ ഗാന്ധി പ്രതിമ അനാശ്ചാദന ചടങ്ങിനെത്തിയപ്പോഴാണ് 12 ആം വാര്‍ഡ് കൗണ്‍സിലര്‍ ലൈല ഹനീഫിന്റെ നേതൃത്വത്തില്‍ മന്ത്രിക്ക് നിവേദനം നല്‍കിയത്.
കുടിവെള്ള വിതരണം താറുമാറായതോടെ പ്രദേശ വാസികള്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്. വാട്ടര്‍ അതോററ്റിയില്‍ വിളിച്ചാല്‍ വ്യക്തമായ മറുപടിയില്ല. കുടിവെള്ള ക്ഷാമം അതിരൂക്ഷമായതോടെ ടാങ്കറില്‍ കുടിവെള്ളമെത്തിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.
നഗരസഭ 11, 12 വാര്‍ഡുകളില്‍ പെട്ട കിഴക്കേക്കര, കുന്നപ്പള്ളി മല ഭാഗങ്ങളിലാണ് കുടിവെള്ളം കിട്ടാക്കനിയായിരിക്കുന്നത്. ഉയര്‍ന്ന പ്രദേശമായ ഇവിടങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. നിലവില്‍ 150 ഓളം കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം വാട്ടര്‍ അതോററ്റിയുടെ പൈപ്പ് ലൈനില്‍ നിന്നാണ് കണക്ഷന് നല്‍കിയിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ച പൈപ്പ് ഇതുവരെ മാറ്റി സ്ഥാപിക്കാന്‍ നടപടിയുണ്ടായില്ല. അതിനാല്‍ അടിക്കടി പൈപ്പ് പൊട്ടല്‍ തുടരുന്നുണ്ട്. പരാതികള്‍ രൂക്ഷമായതോടെ നഗരസഭയുടെ നേതൃത്വത്തില്‍ കുന്നപിളളി മല കുടിവെള്ള പദ്ധതി നടപ്പാക്കി. മൂവാറ്റുപുഴയാറില്‍ നിന്നും നേരിട്ട് വെള്ളം പമ്പ് ചെയ്ത് കുന്നപിള്ളി മലയില്‍ സ്ഥാപിച്ച ടാങ്കില്‍ എത്തിച്ച് പൈപ്പുകള്‍ വഴി വീടുകളില്‍ വെള്ളമെത്തിക്കുന്നതാണ് പദ്ധതി. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്നത് ശുദ്ധമായ വെള്ളമല്ല. കുടിവെള്ളത്തിന് മറ്റ് മാര്‍ഗം തേടേണ്ട അവസ്ഥയിലായിരുന്നു നാട്ടുകാര്‍.


