മൂവാറ്റുപുഴ: സംസ്ഥാനത്തെ മികച്ച പിടിഎ അവാര്‍ഡില്‍ നാലാം സ്ഥാനം നേടി പായിപ്ര ഗവ യുപി സ്കൂള്‍ ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാലയമായി മാറി. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും സെപ്തംബര്‍ 5 ന് കണ്ണൂരില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയില്‍ നിന്നും വിദ്യാലയം ഏറ്റുവാങ്ങും. കഴിഞ്ഞ രണ്ട് വര്‍ഷ കാലയളവില്‍ വിദ്യാലയത്തില്‍ പിടിഎയുടെ നേതൃത്വത്തില്‍ നടത്തിയ പാഠ്യ- പാഠ്യേതര മികവുകള്‍ക്ക് ലഭിച്ച അംഗീകാരമാണ് ഈ അവാര്‍ഡ്. ജില്ലയില്‍ ഒന്നാം സ്ഥാനവും പായിപ്ര ഗവ. യുപി സ്കൂളിനായിരുന്നു.
മികച്ച അക്കാദമിക പ്രവര്‍ത്തനങ്ങളുടെ ഫലമായി കുട്ടികളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനവ് മൂലം ഈ അധ്യയന വര്‍ഷം മൂന്ന് പുതിയ ഡിവിഷനുകളും മുന്നൂറോളം കുട്ടികളും വിദ്യാലയത്തില്‍ പഠിക്കുന്നു. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ മികവ് മത്സരത്തില്‍ രണ്ടാം സ്ഥാനവും സംസ്ഥാന അധ്യാപക അവാര്‍ഡ് ഈ വിദ്യാലയത്തിലെ കെഎം നൗഫലിന് ലഭിക്കുകയും ചെയ്തു.
പാഠ്യ-പാഠ്യേതര രംഗത്ത് കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്ത് വിവിധ പരിപാടികളാണ് പി ടി എ യുടെ നേതൃത്വത്തില്‍ സ്കൂളില്‍ സംഘടിപ്പിച്ചത്. കോവിഡ് കാലത്ത് മൊബൈല്‍ ഫോണ്‍ ചലഞ്ചിലൂടെ സ്കൂളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്കല്, പഠന മുറി ഒരുക്കല്‍, സ്കൂളില്‍ ഒരു ജൈവ വൈവിധ്യ ഉദ്യാനം ഒരുക്കല്‍, പച്ചക്കറി കൃഷിയിലൂടെ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് വിഭവങ്ങള്‍ സമാഹരിക്കല്‍, രക്ഷിതാക്കള്‍ക്ക് പഠനോപകരണ നിര്‍മ്മാണ ശില്പശാല, കുട്ടികളുടെ വീടുകളില്‍ ഹോം ലൈബ്രറി ഒരുക്കല്‍, ഷോര്‍ട്ട് ഫിലിം നിര്‍മ്മാണം, ഔഷധ ഉദ്യാന നിര്‍മ്മാണം, പുസ്തകച്ചുമര്‍ പദ്ധതി, സ്കൂള്പത്രം തയ്യാറാക്കല്‍, അമ്മ വായന, അടുക്കളത്തോട്ടം ഒരുക്കല്‍, കോവിഡ് ബോധവല്‍ക്കരണ പരിപാടികള്‍, പാവപ്പെട്ട കുട്ടികള്‍ക്ക് കിറ്റ് വിതരണം, ദിനാചരണങ്ങളെ പഠന പ്രവര്‍ത്തനങ്ങളാക്കി മാറ്റല്‍, പ്രദേശിക വിഭവങ്ങളെ വിദ്യാലയത്തിന് പ്രയോജനപ്പെടുത്തല്‍, അവധിക്കാല ക്യാമ്പ്, പ്രകൃതി ക്യാമ്പ് തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളാണ് പിടിഎ ഏറ്റെടുത്ത് നടത്തിയത്.
സ്കൂളിലെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പായിപ്ര ഗ്രാമ പഞ്ചായത്തിന്റെ സഹായവും വിദ്യാലയത്തിന് ലഭിച്ചിരുന്നു. കഴിഞ്ഞ കാലങ്ങളില്‍ വിദ്യാലയം ഏറ്റെടുത്ത വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണ് സംസ്ഥാന പിടിഎ അവാര്‍ഡെന്ന് പിടിഎ പ്രസിഡന്റ് നസീമ സുനിലും ഹെഡ്മിസ്ട്രസ് വിഎ റഹീമ ബീവിയും പറഞ്ഞു.

