കോതമംഗലം കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ നിന്നും ‘ചതുരംഗപ്പാറ’ യാത്രാ പാക്കേജ് ആരംഭിച്ചു. ആദ്യ യാത്ര ആന്റണി ജോണ്‍ എം.എല്‍.എ ഫ്ലാഗ് ഓഫ് ചെയ്തു. ആദ്യ ദിവസം രണ്ട് ബസ് ആണ് ചതുരംഗപ്പാറയിലേക്ക് സര്‍വ്വീസ് നടത്തിയത്.
ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ ചോലയ്ക്ക് സമീപം തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ഒരു മനോഹര സ്ഥലമാണ് ചതുരംഗപ്പാറ. സമുദ്രനിരപ്പില്‍ നിന്നും 3605.64 അടി ഉയരത്തിലാണ് ചതുരംഗപ്പാറ സ്ഥിതി ചെയ്യുന്നത്.
കോതമംഗലത്ത് നിന്നും എ. എം റോഡ് വഴി മൂന്നാറില്‍ എത്തി, അവിടെ നിന്നും ഗ്യാപ്പ് റോഡിലൂടെ ആനയിറങ്കല്‍ ഡാമും, മനോഹരമായ വ്യൂപോയിന്റുകളും കണ്ടാസ്വദിച്ച് പൂപ്പാറ വഴി ചതുരംഗപാറയില്‍ എത്തിച്ചേരും. രണ്ടു മണിക്കൂറോളം അവിടെ ചെലവഴിച്ചശേഷം രാജകുമാരി, രാജാക്കാട്, പൊന്മുടി ഡാം, കല്ലാര്‍കുട്ടി ഡാം, പനംകുട്ടി , ലോവര്‍ പെരിയാര്‍, നേര്യമംഗലം വഴി കോതമംഗലത്ത് തിരികെ എത്തും വിധമാണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്.
ഉച്ചഭക്ഷണവും വൈകിട്ടത്തെ ചായയും ഉള്‍പ്പെടുന്നതാണ് പാക്കേജ്. ഒരാള്‍ക്ക് 700 രൂപയാണ് നിരക്ക്. ബുക്കിങ്ങിനായി വിളിക്കുക: 94465 25773, 94479 84511.


