പോത്താനിക്കാട് ഗ്രാമപഞ്ചായത്തില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കുടിവെള്ളക്ഷാമം അടിയന്തരമായി പരിഹരിക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്ന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് കമ്മിറ്റി ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന് നിവേദനം നല്കി.
കക്കടാശ്ശേരി – കാളിയാര്‍ റോഡിന്റെ ഇരുവശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പൈപ്പുകള്‍ വഴിയാണ് പോത്താനിക്കാട് ഗ്രാമ പഞ്ചായത്തിന്റെ വിവിധ പ്രാദേശങ്ങളിലേക്ക് വാട്ടര്‍ അതോറിറ്റി കുടിവെള്ളം വിതരണം ചെയ്യുന്നത്. എന്നാല്‍ ഈ ഭാഗത്തെ പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങുന്നത് പതിവാണ്. വേനല്‍ ശക്തമാകുന്നതോടെ ഒരു ദിവസം പോലും കുടിവെള്ളം മുടങ്ങുന്നത് പ്രദേശവാസികള്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കും. ഇത് ശക്തമായ ജനകിയ പ്രക്ഷോഭത്തിനു കാരണമാകും. ഈ സാചര്യത്തിലാണ് പാത്താനിക്കാട് ഗ്രാമപഞ്ചായത്ത് കമ്മിറ്റി കളക്ടര്‍ ജാഫര്‍ മാലിക്കിന് നിവേദനം നല്‍കിയത്.
സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് പണം അനുവദിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍എന്‍ ജോസഫ് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ജോസ് വര്‍ഗീസ് ജിമ്മി കൊല്ലറയ്ക്കല്‍ തുടങ്ങിയവര്‍ നിവേദനം നല്കാന് എത്തിയിരുന്നു.
കക്കടാശ്ശേരി – കാളിയാര്‍ റോഡിന്റെ നവികരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ഈ സാഹചര്യത്തില്‍ റോഡിനിരുവശവും സ്ഥാപിച്ചിട്ടുള്ള കുടിവെള്ള പൈപ്പുകള്‍ പൊട്ടാനുള്ള സാധ്യത കൂടുകയും ചെയ്യും.
അതേസമയം തനത് വരുമാനവും പദ്ധതി വിഹിതവും ഏറ്റവും കുറവുള്ള പോത്താനിക്കാട് ഗ്രാമ പഞ്ചായത്തിനു ടാങ്കറുകളില്‍ കുടിവെള്ള വിതരണം നടത്തുന്നതിനുള്ള സാമ്പത്തിക ശേഷിയില്ല. ഈ സാഹചര്യത്തില്‍ പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രാദേശങ്ങളില്‍ വേനല്ക്കാലത്തു ടാങ്കറുകളില്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വികരിക്കുകയോ കുടിവെള്ള വിതരണത്തിനായി പഞ്ചായത്തിന് പ്രത്യേക ഫണ്ട് അനുവദിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കളക്ടര്‍ക്ക് നിവേദനം നല്‍കിയത്.


