മൂവാറ്റുപുഴ: ദേശസാത്കൃത റൂട്ടുകളില്‍ പ്രെവറ്റ് ബസുകള്‍ക്ക് 5 കിലോമീറ്ററോ 5% ദൂരമോ എതാണോ കുറവ് അതാണ് അനുവദിക്കൂ എന്ന നിയമത്തില്‍ കാലോചിതമായ മാറ്റം അനിവാര്യമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിച്ച ജനകീയ സദസ്സിൽ പ്രമേയം. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ ഗതാഗതവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ജനകീയ സദസില്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെയാണ് യോഗം സർക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചത്.
നിലവില്‍ കെഎസ് ആര്‍ടിക്ക് ആവശ്യമായ വാഹനങ്ങള്ളാ സര്‍വ്വീസോ നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് ഇത്തരത്തില്‍ ഈ നിബന്ധനയില്‍ മാറ്റം വരുത്തിയാല്‍ മാത്രമേ പ്രൈവറ്റ് വാഹനങ്ങള്‍ക്ക് ഓടാന്‍ കഴിയൂ. അതിനാല്‍ ഇക്കാര്യത്തില്‍ വേണ്ടമാറ്റം ഉണ്ടാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം സര്‍ക്കാരിന് കൈമാറി.
മൂവാറ്റുപുഴയിലെ പൊതുഗതാഗത സംവിധാനം കാര്യക്ഷമമല്ലാത്ത പ്രദേശങ്ങളില്‍ ജനങ്ങളുടെ യാത്രാക്ളേശം പരിഹരിക്കുന്നതിനായി പുതിയ ബസ് പെര്‍മിറ്റുകള്‍ അനുവദിക്കുന്നതിനായുള്ള പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കുന്നതിനായിട്ടാണ് ഗതാഗത വകുപ്പ് മന്ത്രിയുടെ നിര്‍ദേശ പ്രകാരം ജനകീയ സദസ്സ് ചേര്‍ന്നത്. സദസ് മാത്യു കുടല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് കെജി രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു.
മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ്, നഗരസഭ കൗണ്‍സിലര്‍ കെ ജി അനില്‍കുമാര്‍ കോതമംഗലം ആര്‍ടിഒ സലീം വിജയകുമാര്‍, മൂവാറ്റുപുഴ ജോയിന്റ് ആര്‍ടിഒ ചന്ദ്രഭാനു, മൂവാറ്റുപുഴ എംബിഐ കിഷോര്‍കുമാര്‍ എന്‍ എസ് എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ അബ്ബാസ് സി എം ഷിബു മധുസൂദനന്, ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാരും സെക്രട്ടറിമാരും മറ്റ് ജീവനക്കാരും യോഗത്തില്‍ പങ്കെടുത്തു. മൂവാറ്റുപുഴ ആര്‍ടിഒ കെ കെ സുരേഷ് കുമാര്‍ സ്വാഗതവും എം വി ഐ ജില്‍സ് ജോര്‍ജ് നന്ദിയും പറഞ്ഞു. പുതിയ ബസ് റൂട്ടുകള്‍ ഗ്രാമീണ റോഡുകളിലൂടെ അനുവദിച്ച് ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി പുതിയ റൂട്ടുകള്‍ നിര്‍ദ്ദേശിക്കുകയും അതിനുള്ള പ്രൊപ്പോസലുകള്‍ എംഎല്‍എക്ക് സമര്‍പ്പിക്കുകയും ചെയ്തു.


