മൂവാറ്റുപുഴ: മൂവാറ്റുപുഴ ഗവ: മോഡല്‍ ഹൈസ്ക്കൂളിലെ കളിസ്ഥലത്ത് നഗരസഭ കോവിഡ് സെന്ററുകളിലെ മാലിന്യം തള്ളിയതിലും മൂവാറ്റുപുഴ ജനറല്‍ ആശുപത്രി കോവിഡ് സെന്ററില്‍ നിന്നുംഷോപ്പിംഗ് കോംപ്ലക്സുകളിലേക്കുള്ള മാലിന്യ മൊഴുക്കുന്നതിലും ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ മൂവാറ്റുപുഴ നഗരസഭാ ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം അന്‍സല്‍ അധ്യക്ഷത വഹിച്ചു.
എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിജയ് കെ ബേബി പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം പി എ ഹാരിസ്, എസ്എഫ്ഐ ഏരിയ പ്രസിഡന്റ് അഖില്‍ പ്രകാശ്, ഷിയാസ് ചിറപ്പടി, അസ്ലം അജി, മുഹമ്മദ് മങ്ങാടന്‍,അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു.
മോഡല്‍ ഹൈസ്ക്കൂളിലെ വിശാലമായ കളിസ്ഥലത്ത് നഗരസഭയുടെ നേതൃത്വത്തില്‍ കുഴിയുണ്ടാക്കി ഉപയോഗിച്ച പിപിഇ കിറ്റുകളുള്‍പ്പെടെ മാലിന്യങ്ങള്‍ തള്ളിയതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ജില്ലയുടെ കിഴക്കന്‍ മേഖലയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ ഏറ്റവും വിശാലമായ കളിസ്ഥലമാണ് നഗരസഭ ഉപയോഗയോഗ്യല്ലാതാക്കിയത്. മഴക്കാലമായതിനാല്‍ കളിസ്ഥലത്ത് തള്ളിയ മാലിന്യത്തില്‍ നിന്ന് രോഗങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന ഭീതിയുണ്ടെന്നും ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു.