എറണാകുളം- ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന നേര്യമംഗലം പാലത്തിന് ചൊവ്വാഴ്ച 86 വയസ്. മഹാറാണി സേതു ലക്ഷ്മിഭായിയുടെ ഉത്തരവിനെ തുടര്‍ന്ന് 1924ല്‍ ആണ് പെരിയാറിന് കുറുകെ നേര്യമംഗലം പാലം നിര്‍മാണം ആരംഭിച്ചത്. റാണി സേതു ലക്ഷ്മിഭായിയുടെ പേരില്‍ നിര്‍മിച്ചിരിക്കുന്ന പാലം പൂര്‍ത്തിയാകാന്‍ 10 വര്‍ഷമെടുത്തു. സുര്‍ഖിയും കരിങ്കല്ലും ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന പാലം 214 മീറ്റര്‍ നീളത്തില്‍ 4.9 മീറ്റര്‍ വീതിയോടെ അഞ്ച് സ്പാനുകളിലായാണ് നിര്‍മിച്ചിരിക്കുന്നത്. 1935 മാര്‍ച്ച് രണ്ടിന് ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ മഹാരാജാവ് ഉദ്ഘാടനം ചെയ്ത പാലം ഏഷ്യയിലെ ആദ്യ എ ക്ലാസ് ആര്‍ച്ച് പാലം കൂടിയാണ്. പെരിയാറിലെ ശക്തമായ ഒഴുക്കിനെ അതിജീവിക്കാന്‍ കമാനാകൃതിയിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്.
രണ്ടു മഹാപ്രളയങ്ങളെ അതിജീവിച്ച മുത്തശ്ശിപ്പാലം ഇപ്പോഴും തലയെടുപ്പോടെ നില്ക്കുന്നു. കൊച്ചിയില്‍ നിന്ന് തട്ടേക്കാട് -പൂയംകുട്ടി, മാങ്കുളം വഴിയായിരുന്നു മൂന്നാറിലേക്കുള്ള ആദ്യ പാത. ഹൈറേഞ്ചില്‍ നിന്നും സുഗന്ധ വ്യഞ്ജനങ്ങളടക്കം എല്ലാ വ്യാപാര- വ്യവഹാരങ്ങളും കൊച്ചിയിലേക്ക് എത്തിച്ചിരുന്നത് ഈ വഴിയായിരുന്നു. 1872ല്‍ ബ്രിട്ടീഷുകാര്‍ മൂന്നാറില്‍ തേയിലത്തോട്ടങ്ങള്‍ ആരംഭിച്ചു. ഫാക്ടറികളില്‍ കൊളുന്ത് എത്തിക്കാനായി റെയില്‍പ്പാതകള്‍ നിര്‍മിക്കുകയും ചെയ്തിരുന്നു. തേയില റോപ്വേ വഴിയും റോഡ് മാര്‍ഗവുമായി തേനിവഴി തൂത്തുക്കുടിയില്‍ എത്തിച്ച് കപ്പലില്‍ ബ്രിട്ടനിലേക്ക് കൊണ്ടുപോകുകയായിരുന്നു ലക്ഷ്യം.
എന്നാല്‍, തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം എന്ന പേരില്‍ അറിയപ്പെടുന്ന കൊല്ലവര്‍ഷം 1099ല്‍ ഉണ്ടായ (ഇംഗ്ലീഷ് വര്‍ഷം 1924) മഹാപ്രളയത്തില്‍ രാജപാതയിലെ കരിന്തിരിമല ഇടിഞ്ഞ് നാമാവശേഷമാകുകയും പൂയംകുട്ടി മുതല്‍ മാങ്കുളം വരെയുള്ള പാത തകര്‍ന്നടിയുകയും ചെയ്തു. സമുദ്രനിരപ്പില്‍നിന്ന് 6500 അടി ഉയരമുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ വരെ വെള്ളപ്പൊക്കം ഉണ്ടായി. ബ്രിട്ടീഷുകാര്‍ നിര്‍മിച്ച റെയിലും റോപ്വേയും പ്രളയത്തില്‍ നശിച്ചു. കൊച്ചിയുമായുള്ള വ്യാപാര ബന്ധങ്ങള്‍ ഇല്ലാതായി. തുടര്‍ന്ന്, ആലുവ മുതല്‍ മൂന്നാര്‍ വരെ പുതിയ പാതയും പെരിയാറിന് കുറുകെ പുതിയ പാലവും നിര്‍മിക്കാന്‍ മഹാറാണി സേതു ലക്ഷ്മിഭായി ഉത്തരവിട്ടു.
റാണി സേതു ലക്ഷ്മിഭായിയുടെ പേരില്‍ നിര്‍മിച്ചിരിക്കുന്ന പാലം 1935നു ശേഷം ഹൈറേഞ്ചിനുണ്ടായിട്ടുള്ള എല്ലാ വളര്‍ച്ചയിലും മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റത്തിന് വഴിയൊരുക്കിയതും നേര്യമംഗലം പാലമാണ്. 214 മീറ്റര്‍ നീളത്തില്‍ 4.9 മീറ്റര്‍ വീതിയോടെ അഞ്ച് സ്പാനുകളിലായാണ് പാലം ഉയര്‍ന്നത്. പാലത്തിലെ ആര്‍ച്ചുകള്‍ സ്പാനുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. സുര്‍ഖിയും കരിങ്കല്ലും ഉപയോഗിച്ചാണ് നിര്‍മാണം. 1961ലും 2018ലും ഉണ്ടായ മഹാപ്രളയങ്ങളെ അതിജീവിച്ച് പെരിയാറിന് കുറുകെ, കൊച്ചി- ധനുഷ്കോടി ദേശീയ പാതയില്‍ പ്രൗഢി ഒട്ടും കുറയാതെ ഇന്നും തലയെടുപ്പോടെ കാണാം നേര്യമംഗലം പാലം.


