മൂവാറ്റുപുഴ: ശോച്യാവസ്ഥയിലായ ലക്ഷം വീടുകള്‍ക്ക് പ്രത്യേക പദ്ധതിയും പരിഗണനയും വേണമെന്ന് മുന്‍ എം.എല്‍.എ എല്‍ദോ എബ്രഹാം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ ലൈഫ് ഭവന പദ്ധതി പ്രകാരം 252000 വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചെങ്കിലും ലക്ഷം വീടുകളുടെ നവീകരണത്തിന് പ്രത്യേക പരിഗണന കിട്ടിയില്ല. പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഇത്തരം വീടുകള്‍ ആദ്യഘട്ട പരിശോധനയില്‍ തഴയപ്പെട്ടു. ഭൂരിഭാഗം വീടുകളും അപകടാവസ്ഥയിലാണ്.
കലാ ഹരണപ്പെട്ട 8700 ലക്ഷം വീടുകള്‍ സംസ്ഥാനത്തുണ്ട്. ഇരട്ട വീടുകള്‍ പൊളിച്ച് ഒറ്റ വീടാക്കുന്നതിന്ന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യു, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന് എല്‍ദോ എബ്രഹാം കത്ത് നല്കി. 1972-ല്‍ എം.എന്‍.ഗോവിന്ദന് നായര്‍ മന്ത്രിയായിരിക്കെയാണ് കേരളത്തില്‍ ഒരു ലക്ഷം പേര്‍ക്ക് ഓടുമേഞ്ഞ വീട് എന്ന സ്വപ്ന പദ്ധതി തയ്യാറാക്കിയത്. ലക്ഷം വീട് പദ്ധതി യാഥാര്‍ത്യമായപ്പോള്‍ നിര്‍ദ്ധനരായ 96000 വീടുകള്‍ അക്കാലത്ത് പൂര്‍ത്തീകരിച്ചിരുന്നു.
എറണാകുളം ജില്ലയില്‍ മാത്രം 1050 കുടുംബങ്ങള്‍ സര്‍ക്കാരിന്റെ കനിവിനായി കാത്തിരിക്കുകയാണ്. ലൈഫില്‍ ഉള്‍പ്പെടുത്തി 19063 വീടുകള്‍ ജില്ലയില്‍ പണി പൂര്‍ത്തീകരിച്ചു. ഇതില്‍ 1576 പേര്‍ക്ക് സ്ഥലവും വീടും നല്കാന് കഴിഞ്ഞതും നേട്ടമാണ്. എന്നാല്‍ ലക്ഷം വീടുകള്‍ ഇതിലൊന്നും ഉള്‍പ്പെട്ടില്ല. വീണ്ടും ലൈഫ് ഭവനപദ്ധതി പ്രകാരം 79000 പേരാണ് എറണാകുളം ജില്ലയില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ഇതിന്റെ പരിശോധന ഒക്ടോബര്‍ മാസം നടക്കും.
ലൈഫ് ഭവന പദ്ധതിക്ക് ഗുണഭോക്താവിന് 4 ലക്ഷം രൂപയാണ് സഹായധനം.’ ഇതില്‍ 80000 രൂപ ത്രിതല പഞ്ചായത്ത് വിഹിതമാണ്. ഒരു ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കും. 220000 രൂപ ഹഡ്കോയില്‍ നിന്ന് വായ്പയും. 10 വര്‍ഷം കൊണ്ട് തിരിച്ചടക്കുന്ന ഈ വായ്പ തദ്ദേശ സ്ഥാപനങ്ങള്‍ പ്ലാന്‍ ഫണ്ടില്‍ നിന്ന് അടക്കണം. വായ്പയുടെ പലിശ സര്‍ക്കാര്‍ വഹിക്കുകയുമാണ് ചെയ്തു വരുന്നത്.
പല പഞ്ചായത്തുകളുടെയും സാമ്പത്തിക സ്ഥിതി പരിതാപകരവുമാണ്. ആദ്യഘട്ടം സര്‍ക്കാര്‍ പഞ്ചായത്തുകള്‍ക്ക് നല്കിയ നിര്‍ദ്ദേശം സ്വന്തം ഫണ്ട് ഉപയോഗിച്ച് ലക്ഷം വീടുകള്‍ക്ക് പദ്ധതി തയ്യാറാക്കാന്‍ ആണ്. എന്നാല്‍ ഇക്കാര്യത്തില്‍ ധനസ്ഥിതി മോശമായതിനാല്‍ പദ്ധതി നടപ്പായില്ല. പഞ്ചായത്തുകള്‍ക്ക് ലക്ഷം വീട് പുനര്‍ നിര്‍മ്മാണത്തിനായി പ്രത്യേക വായ്പ എടുക്കുന്നതിന് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കണമെന്നും എല്‍ദോ എബ്രഹാം ആവശ്യപ്പെട്ടു.