മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ നിന്ന് കക്കടാശ്ശേരി -കാളിയാര്‍ വഴി കട്ടപ്പനക്കും , കട്ടപ്പനയില്‍ നിന്ന് മൂവാറ്റുപുഴ വഴി എറണാകുളത്തേക്കും, മൂവാറ്റുപുഴ -തേനി റോഡ് വഴി കല്ലൂര്ക്കാടിനും കെ.എസ്.ആര്.ടി.സി ബസ് സര്‍വ്വീസ് ആരംഭിക്കണമെന്ന് മുന്‍ എം.എല്‍.എ.എല്‍ദോ എബ്രഹാം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പുതിയ സര്‍വീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറിന് കത്ത് നല്കി.
കക്കടാശ്ശേരി – കാളിയാര്‍ റോഡ് വഴി ചേലച്ചുവട് കെ.എസ്.ആര്.ടി.സി ബസ് സര്‍വ്വീസ് നിലച്ചിട്ട് 4 വര്‍ഷം പിന്നിട്ടു. ആയിരക്കണക്കിന് ആളുകള്‍ ഈ റൂട്ടില്‍ കെ.എസ്.ആര്.ടി.സി ബസ് വഴി യാത്ര ചെയ്തിരുന്നു. സ്വകാര്യ ബസ് സര്‍വ്വീസ് മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണ കാലയളവില്‍ റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി 68 കോടി രൂപ ചെലവില്‍ കക്കടാശ്ശേരി – കാളിയാര്‍ റോഡും മൂവാറ്റുപുഴ-തേനി റോഡിന് 87 കോടി രൂപയും ചെലവഴിച്ച് ഉന്നത നിലവാരത്തിലെത്തിച്ചത് മികച്ച യാത്ര സൗകര്യം ലക്ഷ്യം വച്ചുകൊണ്ടാണ്.ഈ റൂട്ടില്‍ കെ.എസ്.ആര്.ടി.സി. ബസ് ആരംഭിച്ചാല്‍ സാധാരണക്കാരായ ആയിരങ്ങള്‍ക്ക് പ്രയോജനം ലഭിക്കും.
മൂവാറ്റുപുഴ – കിഴക്കേക്കര വഴി കല്ലൂര്‍ക്കാട് – പെരുമാം കണ്ടം റോഡില്‍ നാളിതു വരെ ബസ് സര്‍വ്വീസ് ഇല്ല. കക്കടാശ്ശേരി – അഞ്ചല്‍പ്പെട്ടി – കാലാം പുര്‍ – പോത്താനിക്കാട് – പൈങ്ങോട്ടുര്‍ വഴി 2007 മുതല്‍ ആരംഭിച്ച കെ.എസ്.ആര്.ടി.സി സര്‍വ്വീസ് സമീപകാലത്ത് നിലച്ചു. ഇത് വിദ്യാര്‍ഥികള്‍ക്കും തൊഴിലാളികള്‍ക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ ഗതാഗത വകുപ്പ് പുതിയ സര്‍വീസ് ആരംഭിക്കണമെന്നാണ് എല്‍ദോ എബ്രഹാം ആഴശ്യപ്പെടുന്നത്.