എറണാകുളം: ജില്ലയില്‍ മഴക്കാല പൂര്‍വ പകര്‍ച്ചവ്യാധി പ്രതിരോധ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണം ഈ മാസം അഞ്ച്, ആറ് തീയതികളിലായി വിപുലമായ ജനകീയ പങ്കാളിത്തത്തോടെയാണ് ‘കരുതല്‍ ജനകീയ ശുചീകരണ പരിപാടി’ എന്ന് നാമകരണം ചെയ്തിട്ടുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടത്തുന്നത്.
വാര്‍ഡ്, അയല്‍ക്കൂട്ട തലങ്ങളിലെ വിവിധ സംഘടനാ സംവിധാനങ്ങളെ ഏകോപിപ്പിച്ചാണ് ശുചീകരണ ക്യാമ്പയിന് നടപ്പിലാക്കുന്നത്. വിവിധ ബഹുജന, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, തൊഴിലാളി സംഘടനകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, എന്‍.സി.സി, എന്‍.എസ്.എസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ എന്നിവര്‍ ശുചീകരന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്.
വാര്‍ഡ് തലത്തില്‍ 20 മുതല്‍ 25 വരെ വീടുകള്‍ ഉള്‍പ്പെടുന്ന ചെറുപ്രദേശങ്ങളായി തിരിച്ച് അഞ്ചില്‍ കുറയാത്ത പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പ്രദേശത്തെ വീട്ടുകാരുടെ സഹകരണത്തോടെ പരിസരം മാലിന്യ മുക്തമാക്കണം. വിവിധ വകുപ്പുകള്‍, സാങ്കേതിക വിദഗ്ദ്ധര്‍, ഏജന്‍സികള്‍ എന്നിവരുടെ സഹകരണം ഉറപ്പാക്കും. ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഗ്രീന്‍ കേരള കമ്പനി, ഹരിതകേരള മിഷന്, ശുചിത്വ മിഷന് എന്നിവര്‍ക്ക് കൈമാറും.
ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ പദ്ധതിയുടെ നിയോജക മണ്ഡല അടിസ്ഥാനത്തിലുള്ള ഏകോപനത്തിനായി വിവിധ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തി. യോഗത്തില്‍ ജില്ലയിലെ വിവിധ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


