കൊച്ചി: സേവനങ്ങള്‍ സുതാര്യമായും വേഗത്തിലും ജനങ്ങളിലേക്കെത്തിക്കുന്നതിലാണ് സര്‍ക്കാര്‍ സര്‍വീസിന്റെ വിജയമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്. ജനജീവിതത്തെ ഏറ്റവുമധികം സ്പര്‍ശിക്കുന്ന വിഭാഗമെന്ന നിലയില്‍ റവന്യൂ വകുപ്പിലെ ജീവനക്കാര്‍ അതീവശ്രദ്ധ പുലര്‍ത്തണം. സമ്മര്‍ദ്ദത്തിന് അടിപ്പെടാതെ ജനസേവകരെന്ന ബോധ്യത്തോടെയാകണം ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കേണ്ടതെന്നും കളക്ടര്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ഏറ്റവും മികച്ച താലൂക്കായി റവന്യൂ അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ട കണയന്നൂര്‍ താലൂക്കിനെയും മികച്ച തഹസില്‍ ദാര്ക്കുള്ള അവാര്‍ഡ് നേടിയ കണയന്നൂര്‍ തഹസില്‍ദാര്‍ രഞ്ജിത് ജോര്‍ജിനെയും മറ്റ് റവന്യൂ ഉദ്യോഗസ്ഥരെയും അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍.
മികവുറ്റ നേതൃത്വവും ജീവനക്കാരുടെ കൂട്ടായ്മയുമാണ് കണയന്നൂര്‍ താലൂക്കിനെ പുരസ്കാരത്തിന് അര്‍ഹമാക്കിയത്. കൊച്ചി നഗരത്തിന്റെ ഹൃദയഭാഗം ഉള്‍ക്കൊള്ളുന്ന താലൂക്ക് എന്ന നിലയില്‍ കണയന്നൂരിന്റെ പ്രാധാന്യം ഏറെയാണ്. സംസ്ഥാന ഖജനാവിലേക്ക് ഏറ്റവുമധികം വരുമാനം നേടിക്കൊടുക്കുന്ന താലൂക്കാണ് കണയന്നൂര്‍. വിവിധ വിഭാഗങ്ങളിലായി ഏറ്റവുമധികം അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതും ഈ താലൂക്കാണ്. ഉത്തരവാദിത്തവും വെല്ലുവിളികളും പ്രതീക്ഷകളും ഏറെയാണെന്ന ഉറച്ച ബോധ്യം ഓരോ ജീവനക്കാരനിലും ഉണ്ടാകണമെന്നും കളക്ടര്‍ ചൂണ്ടിക്കാട്ടി.
സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് ഇ.പി. സുരേഷ് അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം ഹരിശ്രീ അശോകന് മുഖ്യാതിഥിയായി. സംസ്ഥാന അവാര്‍ഡ് ജേതാക്കള്‍ക്കും മികച്ച സേവനം കാഴ്ച്ച വച്ച താലൂക്ക് ജീവനക്കാര്‍ക്കുമുള്ള സ്റ്റാഫ് കൗണ്‍സിലിന്റെ പുരസ്കാരങ്ങള്‍ ചടങ്ങില്‍ സമ്മാനിച്ചു. ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ പി. വിഷ്ണുരാജ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാന്, ലാന്‍ഡ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണര്‍ ബീന പി. ആനന്ദ്, ഡപ്യൂട്ടി കളക്ടര്‍ പി.ബി. സുനിലാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, ദീപക് ജി. ശങ്കരമംഗലം, ടി.പി. രജീഷ് എന്നിവര്‍ പ്രസംഗിച്ചു.


