കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന അശാസ്ത്രീയമായ പരിഷ്കാരങ്ങളും നിയമങ്ങളിലെ അവ്യക്തതയും കാരണം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. മുപ്പതു ലക്ഷത്തോളം ആക്ടീവ് തൊഴിലുറപ്പ് തൊഴിലാളികളുള്ള കേരളത്തില്‍ പകുതിയിലധികം പേരും പദ്ധതിക്ക് പുറത്തായി തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. പുതിയ സാങ്കേതിക നിബന്ധനകള്‍ സാധാരണക്കാരായ തൊഴിലാളികളുടെ ദിവസക്കൂലി പോലും മുടക്കുന്ന അവസ്ഥയാണ് സംജാതമാക്കിയിരിക്കുന്നത്.
നാഷണല്‍ മൊബൈല്‍ മോണിറ്ററിംഗ് സിസ്റ്റം (NMMS) ആപ്പ് വഴി ദിവസത്തില്‍ രണ്ടുതവണ ജോലിസ്ഥലത്തു നിന്നുള്ള ലൈവ് ഫോട്ടോ സഹിതം ഡിജിറ്റല്‍ ഹാജര്‍ രേഖപ്പെടുത്തണമെന്ന നിബന്ധനയാണ് തൊഴിലാളികള്‍ക്ക് കനത്ത പ്രഹരമാകുന്നത്. മൊബൈല്‍ നെറ്റ്വര്‍ക്ക് കൃത്യമായി ലഭിക്കാത്ത ഗ്രാമീണ മേഖലകളില്‍ ഇതുമൂലം ഹാജര്‍ രേഖപ്പെടുത്താന്‍ കഴിയാതെ തൊഴിലാളികള്‍ക്ക് കൂലി നിഷേധിക്കപ്പെടുന്നു. ഇതിനുപുറമേ, ഓരോ ദിവസവും സിസ്റ്റം ആപ്പില്‍ ഉണ്ടാകുന്ന അപ്ഡേഷനുകളെക്കുറിച്ച് പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് പോലും മുന്‍കൂട്ടി അറിവില്ലാത്തത് തൊഴിലുറപ്പ് മേറ്റുമാരെയും തൊഴിലാളികളെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്നു. പലയിടങ്ങളിലും ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ഫോട്ടോ എടുക്കേണ്ട സാഹചര്യമാണ്.
കരിമിഴി സ്കാനിംഗും ജോലി നിയന്ത്രണവും
മുമ്പ് ജോലി ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ജിയോടാഗ് ചെയ്ത സ്ഥലത്തുനിന്നും ഫോട്ടോ എടുക്കണമായിരുന്നുവെങ്കില്, ഇപ്പോള്‍ ബയോമെട്രിക് രീതിയില്‍ കണ്ണിന്റെ കരിമിഴി (Iris) സ്കാന്‍ ചെയ്ത് ആധാര്‍ ഡാറ്റയുമായി ഒത്തുനോക്കിയാണ് ഹാജര്‍ രേഖപ്പെടുത്തുന്നത്. കണ്ണിന് എന്തെങ്കിലും പ്രശ്നമുള്ളവര്‍ക്കും പ്രായമായവര്‍ക്കും ഈ രീതി മൂലം തൊഴിലെടുക്കാന്‍ കഴിയാത്ത സാഹചര്യമാണ്. പലരുടെയും ഹാജര്‍ സിസ്റ്റത്തില്‍ ശരിയാകാതെ വരുമ്പോള്‍ രാവിലെ അധ്വാനിക്കാന്‍ എത്തുന്ന തൊഴിലാളികള്‍ക്ക് നിരാശയോടെ തിരികെ പോകേണ്ടി വരുന്നു.
ഒരു പഞ്ചായത്തില്‍ ഒരേസമയം ഏറ്റെടുത്തു നടത്താവുന്ന പ്രവൃത്തികളുടെ എണ്ണത്തില്‍ പരിധി നിശ്ചയിച്ചതും പ്രതിസന്ധി കൂട്ടി. സാങ്കേതിക അനുമതി ലഭിച്ച പ്രവൃത്തികള്‍ ഉണ്ടായിട്ടും, നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ തീരാതെ പുതിയവ ആരംഭിക്കാന്‍ സാധിക്കാത്തത് തൊഴിലാളികള്‍ക്ക് തുടര്‍ച്ചയായി തൊഴില്‍ ലഭിക്കുന്നതിന് തടസ്സമാകുന്നു.
പേരുമാറ്റത്തില്‍ ആശങ്ക
സാധാരണക്കാരായ തൊഴിലാളികള്‍ നിത്യചെലവിനും മരുന്നിനും വേണ്ടിയാണ് ഈ പദ്ധതിയെ ആശ്രയിക്കുന്നത്. നിര്‍ധനരായ തൊഴിലാളികള്‍ക്ക് ഏക ആശ്രയമായിരുന്ന ഈ പദ്ധതി, കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയം വഴി ജൂലൈ 1 മുതല്‍ ‘വികസിത് ഭാരത് – ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് ഉപജീവന മിഷനിലേക്ക് (ഗ്രാമീണ്‍)’ മാറുകയാണ്. പേരും രീതിയും മാറുമ്പോള്‍ ഭൂരിഭാഗം തൊഴിലാളികളും കൂടുതല്‍ ബുദ്ധിമുട്ടിലാകും. ജൂണ്‍ 30-ന് ശേഷം പുതിയ പദ്ധതിയിലേക്ക് മാറുമ്പോള്‍ തൊഴിലിന്റെ രീതിയും തൊഴിലാളികളുടെ കൂലിയും ഏതുവിധത്തില്‍ മാറുമെന്നതിനെക്കുറിച്ച് തൊഴിലാളികള്‍ക്കിടയില്‍ കടുത്ത ആശങ്കയാണ് നിലനില്‍ക്കുന്നത്.
തൊഴിലാളികള്‍ പുറത്താകും
പുതിയ പദ്ധതി നിലവില്‍ വരുന്നതോടെ ഓരോ സംസ്ഥാനത്തും ഗ്രാമീണ മേഖല ഏത് എന്നു നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാകും. കേന്ദ്രസര്‍ക്കാര്‍ ഗ്രാമീണം എന്നു അംഗീകരിക്കാത്ത മേഖലകളിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ ഈ സ്കീമില്‍ നിന്നു പുറത്താകും. സെമി അര്‍ബന്‍ ലാന്‍ഡ്സ്കേപ്പ് ഉള്ള കേരളത്തെ ആയിരിക്കും ഇത് ഏറ്റവുമധികം ബാധിക്കുന്നത്. കേരളത്തില്‍ മുപ്പതു ലക്ഷത്തോളം ആക്ടീവ് തൊഴിലുറപ്പ് തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഇവരില്‍ വളരെക്കുറച്ചു പേര്‍ക്കുമാത്രമേ ജോലി ഉണ്ടാവൂ. മറ്റുള്ളവര്‍ ഈ പദ്ധതിയില്‍ നിന്നു പുറത്താകും.


